കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ:അഖിൽ ഇഎസ്/മാതൃഭൂമി
കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് മൂന്നാം ഊഴം കിട്ടും. സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനാണ് അദ്ദേഹം. ‘ജനകീയനായ’ സെക്രട്ടറി എന്ന നിലയില്‍ അണികള്‍ക്കും പ്രിയങ്കരനാണ്.
സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ അഞ്ചുതവണയും വി.എസ്. അച്യുതാനന്ദൻ മൂന്നുതവണയും ഇരുന്നിട്ടുണ്ട്.
മാനദണ്ഡം കര്‍ശനം
സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. 75 വയസ്സിന് മുകളിലുള്ളവരെ ഒഴിവാക്കണമെന്നത് കേന്ദ്ര കമ്മിറ്റി തീരുമാനമാണ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി വിജയന് മാത്രമമേ മാനദണ്ഡത്തില്‍ ഇളവ് കിട്ടാന്‍ സാധ്യതയുള്ളൂ. ഇക്കുറി സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പും സംസ്ഥാന സമ്മേളനത്തില്‍ത്തന്നെ നടത്താന്‍ ആലോചിക്കുന്നുണ്ട്. സാധാരണ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പിന്നീടാണ് തിരഞ്ഞെടുക്കാറുള്ളത്.
മന്ത്രിമാരായ സജി ചെറിയാന്, വി.എന്‍. വാസവന്, മുന്‍മന്ത്രിമാരായ എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന് എന്നിവരും കണ്ണൂരിൽനിന്ന് പി. ജയരാജന്, എം.വി. ജയരാജന്, എറണാകുളത്തുനിന്ന് ഗോപി കോട്ടമുറിക്കല്‍, കാസർകോട്ടുനിന്ന് കെ.പി. സതീഷ് ചന്ദ്രന്, പാലക്കാട്ടുനിന്ന് സി.കെ. രാജേന്ദ്രന് തുടങ്ങിയവരും സെക്രട്ടേറിയറ്റിൽ വരാൻ സാധ്യതയുണ്ട്. വനിതകളെ കൂടുതല്‍ കൊണ്ടുവരാനുള്ള നീക്കവും ഉണ്ടാവും.
പ്രായപരിധിമൂലം പി. കരുണാകരന്, ആനത്തലവട്ടം ആനന്ദന്, എം.എം. മണി, കെ.ജെ. തോമസ് എന്നിവര്‍ മാറിയേക്കും. 21 അംഗ സെക്രട്ടേറിയറ്റില്‍നിന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കുന്നതിനും ആലോചനയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് അല്ലാതെതന്നെ പങ്കെടുക്കാം. മന്ത്രി മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റില്‍ എത്തുമെന്ന അഭ്യൂഹവുമുണ്ട്.
കമ്മിറ്റിയിലേക്ക് യുവാക്കള്‍
എണ്‍പത്തെട്ടംഗ സംസ്ഥാന കമ്മിറ്റിയില്‍ പ്രായവും പ്രവര്‍ത്തനമികവും മാനദണ്ഡമാക്കി ചിലരെ മാറ്റും. ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ. റഹിം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി വി.കെ. സനോജ്, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍. സുകന്യ തുടങ്ങിയവർ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ ആര്. ബിന്ദുവും വീണാ ജോര്‍ജും ക്ഷണിതാക്കളാവും. പ്രായാധിക്യംമൂലം ഒഴിവാക്കപ്പെടുന്നവരെയും ക്ഷണിതാക്കളുടെ പട്ടികയിലേക്ക് മാറ്റും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..