Kozhikode corporation | Photo: Mathrubhumi
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോര്പ്പറേഷന്. കുടുംബശ്രീയുടെ അക്കൗണ്ടില്‍നിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താല്‍ 14.5 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്.
കുടുംബശ്രീയുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടില്‍നിന്നാണ് 10 കോടി നഷ്ടമായത്. ഖലമാലിന്യസംസ്കരണം, എം.പി.-എം.എല്‍.എ. ഫണ്ട്, അമൃത് ഓഫീസ് മോഡണൈസേഷന്‍ ഹെഡ് അക്കൗണ്ട് എന്നിവയില്‍നിന്നാണ് 1.89 കോടി നഷ്ടമായത്. സപ്ലിമെന്ററി ന്യൂട്രീഷന്‍ ഫണ്ട്, ഇ-പേമെന്റ് അക്കൗണ്ട് എന്നിവയില്‍നിന്നാണ് നേരത്തേ 2.53 കോടി നഷ്ടമായതായി കഴിഞ്ഞദിവസം കോര്പ്പറേഷന് അറിയിച്ചത്.
പി.എന്‍.ബി. ലിങ്ക് റോഡ് ശാഖയില്‍ കോര്പ്പറേഷന് ആകെ 13 അക്കൗണ്ടുകളാണുള്ളത്. ഇത് ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബശ്രീയുടെ അക്കൗണ്ടുള്പ്പെടെയുള്ളവയുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവരുമെന്നാണ് കരുതുന്നത്.
മുന്‍ സീനിയര്‍ മാനേജര്‍ കെ.പി. റജില്‍ 98 ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി ബാങ്കിലെ നിലവിലെ മാനേജര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷനും പരാതി നല്കി. അതിനുശേഷമാണ് കോര്പ്പറേഷന്, ബാങ്കിലെ ഓരോ അക്കൗണ്ടുകളായി പരിശോധിക്കാന്‍ തുടങ്ങിയത്. ബാങ്കിനോട് 24 മണിക്കൂറിനുള്ളില്‍ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കോര്പ്പറേഷന് കത്ത് നല്‍കിയിട്ടുണ്ട്. ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.
അതേസമയം, അക്കൗണ്ടുകള്‍ കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തട്ടിപ്പ് നേരത്തേതന്നെ തിരിച്ചറിയുമായിരുന്നെന്നും ഒരുവിധത്തിലുള്ള പരിശോധനയും കോര്പ്പറേഷന് നടത്തിയിട്ടില്ലെന്നുമുള്ള ആരോപണവുമായി യു.ഡി.എഫ്. രംഗത്തുവന്നിട്ടുണ്ട്.
ബാങ്ക് പരിശോധന തുടരുന്നു
ബാങ്കിന്റെ പ്രാഥമികാന്വേഷണത്തിന്റെയും കോര്‍പ്പറേഷന്റെ പരാതിയുടെയും തുടര്‍ച്ചയായാണ് 2.53 കോടി മടക്കിനല്കിയത്. അധികം തുക നല്കിയിട്ടുണ്ടെങ്കില് സൂക്ഷ്മപരിശോധനയ്ക്കുശേഷം കോര്പ്പറേഷന് തിരികെനല്‍കും. തുകയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അതുകൂടി നല്‍കും. ഈ വ്യവസ്ഥയിലാണ് ഇപ്പോള്‍ പണമിടപാട് നടത്തിയിട്ടുള്ളത്.
പി.എന്‍.ബി.യുടെ ചെന്നൈ മേഖലാ ഓഡിറ്റിങ് വിഭാഗമാണ് പരിശോധന നടത്തുന്നത്. ഇതിനുശേഷം മാത്രമേ ബാങ്കിന് ഈ കാര്യത്തില്‍ കൃത്യത വരുത്താന്‍ കഴിയൂ. പണാപഹരണം നടത്തിയ മാനേജര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൃത്രിമം നടത്തിയത് എങ്ങനെയൊക്കെയാണെന്ന സൂക്ഷ്മപരിശോധനയാണ് നടക്കുന്നത്. ഈ കാര്യത്തില്‍ വ്യക്തതവന്നാല്‍ തുക കൂടാനാണ് സാധ്യതയെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
എരഞ്ഞിപ്പാലം ശാഖയിലേക്ക് സ്ഥലംമാറിയ റജിലിനെ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. ടൗണ്‍ ഇന്‍സ്പെക്ടര്‍ എം.വി. ബിജുവിനാണ് അന്വേഷണച്ചുമതല.
Content Highlights: Kozhikode corporation financial fraud; 14.5 crore missing from the account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..