മെഡിക്കല്‍ കോളേജിലെ പീഡനം: മൊഴിമാറ്റാന്‍ സമ്മര്‍ദം, ഭീഷണിയുമായി പ്രതിയുടെ സഹപ്രവര്‍ത്തകര്‍


ടി.കെ. ബാലനാരായണന്‍

1 min read
Read later
Print
Share

തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയിലാണുള്ളത്. അവിടെവെച്ചാണ് ഭീഷണി.

പ്രതി ശശീന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിക്കുമേല്‍ മൊഴിമാറ്റാന്‍ ഭീഷണിയും സമ്മര്‍ദവും. കേസില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ എം.എം. ശശീന്ദ്രനെ തുടര്‍നിയമ നടപടികളില്‍നിന്ന് രക്ഷിക്കാനായാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയിലാണുള്ളത്. അവിടെവെച്ചാണ് ഭീഷണി. ഇതുസംബന്ധിച്ച് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതിനല്‍കി.

ഒരു നഴ്സിങ് അസിസ്റ്റന്റ്, ഒരു ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, ഒരു അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ഒരു ദിവസവേതനക്കാരന്‍ എന്നിവരാണ് മുറിയില്‍വന്ന് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചതെന്ന് പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സി.ആര്‍.പി.സി.-164 പ്രകാരം മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നുപറയണമെന്നുമാണ് ഇവര്‍ നിര്‍ബന്ധിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച പലവട്ടം യുവതിയെ സമീപിച്ചു. മാനസികവിഷമമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം.

യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപവത്കരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാറിപ്പോര്‍ട്ട് നല്‍കി. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണുണ്ടായിട്ടുള്ളതെന്നും ഇതിന്റെ ഭവിഷ്യത്തുകള്‍ക്ക് അതത് ജീവനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും സൂപ്രണ്ട് പുറപ്പെടുവിച്ച മുന്നറിയിപ്പ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മുറിയുടെ പുറത്ത് വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ചു. യുവതിക്ക് എല്ലാചികിത്സയും സൗജന്യമായി നല്‍കണമെന്നും ദൈനംദിന ആരോഗ്യനില സൂപ്രണ്ടിന് റിപ്പോര്‍ട്ടുചെയ്യണമെന്നും സര്‍ജറി വകുപ്പുമേധാവിക്കുനല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ വകുപ്പുമേധാവികള്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ഇക്കാര്യങ്ങള്‍ സംബന്ധിച്ച് രേഖാമൂലം സൂപ്രണ്ട് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയക്കുശേഷം ഐ.സി.യു.വില്‍ മയക്കത്തില്‍ കിടക്കുമ്പോള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്.

Content Highlights: Kozhikode medical college sexual assault case

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..