കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; രാഘവനിലും മുരളീധരനിലുമുള്ള അതൃപ്തി KPCC ഹൈക്കമാന്‍ഡിനെ അറിയിച്ചു


2 min read
Read later
Print
Share

കെ. മുരളീധരൻ, എം.കെ. രാഘവൻ | Photo: Mathrubhumi

തിരുവനന്തപുരം: എം.പി.മാരായ എം.കെ. രാഘവനും കെ. മുരളീധരനും നടത്തുന്ന പരസ്യപ്രസ്താവനകളിലുള്ള അതൃപ്തി കെ.പി.സി.സി. നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസിൽ കൂടിയാലോചനകളില്ലാതെയാണ് പ്രധാന തീരുമാനങ്ങളെടുക്കുന്നതെന്ന് മുതിർന്ന നേതാക്കൾ പരാതിപ്പെടുന്നതിനിടയിലാണിത്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ഇതോടെ കൂടുതൽ കലുഷിതമാക്കി.

ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് ഇപ്പോൾ പാർട്ടിയിലെന്ന് മുൻമന്ത്രി പി. ശങ്കരൻ അനുസ്മരണവേദിയിൽ എം.കെ. രാഘവൻ വിമർശിച്ചിരുന്നു. പ്രസ്താവന അനുചിതമായിപ്പോയെന്ന് അപ്പോൾതന്നെ കെ.പി.സി.സി. പ്രസിഡന്റ് കുറ്റപ്പെടുത്തി. മുമ്പും മുള്ളും മുനയും വെച്ചുള്ള പരാമർശങ്ങൾ രാഘവന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

രാഘവന്റെ പ്രസ്താവന സംഘടനാരീതിക്ക് ചേർന്നതല്ലെന്ന് കുറ്റപ്പെടുത്തി കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീൺകുമാർ കെ.പി.സി.സി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്.

പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും വേദികളില്ലാത്തതിനാലാണ് അഭിപ്രായം പുറത്തുപറയേണ്ടി വരുന്നതെന്നു കഴിഞ്ഞദിവസം മുരളീധരൻ കുറ്റപ്പെടുത്തി. മുരളീധരനും കുറച്ചുകാലമായി കെ.പി.സി.സി. നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിക്കുന്നുണ്ട്.

മുരളീധരൻ നടത്തുന്ന പ്രസ്താവനകളിലുള്ള അതൃപ്തിയും അറിയിച്ചു. ഇതിലുള്ള നീരസമാണ് മുരളീധരന്റെ വാക്കുകളിൽ ഇപ്പോൾ നിഴലിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

രാഘവനുമായുള്ള നേതൃത്വത്തിന്റെ അകൽച്ചയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്റെ പ്രവേശനവും കാരണമായിട്ടുണ്ട്. ആദ്യം സുധാകരനുമായി ഒത്തുപോയിരുന്ന രമേശ് ചെന്നിത്തല എ.ഐ.സി.സി., കെ.പി.സി.സി അംഗങ്ങളുടെ നാമനിർദേശംവന്നപ്പോൾ സുധാകരനുമായി അകന്നു.

നയപരമായ കാര്യങ്ങൾ ചർച്ചചെയ്യാൻ മുതിർന്നനേതാക്കൾ ഉൾപ്പെടുന്ന രാഷ്ട്രീയകാര്യസമിതി വിളിക്കുന്നില്ലെന്നാണ് അവരുടെ പരാതി. എന്നാൽ, ഭരണഘടനപ്രകാരം കെ.പി.സി.സി. എക്‌സിക്യുട്ടീവിനും ഭാരവാഹികൾക്കുമാണ് അധികാരമെന്നതിനാൽ ഈ തലത്തിലുള്ള യോഗങ്ങൾ മുമ്പത്തെക്കാളും ചേരുന്നുണ്ടെന്നാണ് ഔദ്യോഗികപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇതിലും നേതൃത്വത്തോട് അടുപ്പമുള്ളവർക്കാണ് മേൽകൈ.

പാർട്ടിപ്രവർത്തനം നിർത്തണമെങ്കിൽ പറഞ്ഞാൽമതി -കെ. മുരളീധരൻ

കെ.പി.സി.സി.യുടെ കത്ത് എനിക്കിതുവരെ കിട്ടിയിട്ടില്ല. വ്യാപ്തി അനുസരിച്ച് പ്രതികരിക്കാം. അല്ലെങ്കിൽ പാർട്ടിപ്രവർത്തനം നിർത്താൻ പറഞ്ഞാൽമതി, അതിനും തയ്യാറാണ്. പാർട്ടിക്കകത്ത് പ്രവർത്തിക്കുമ്പോൾ ചിലപ്പോൾ അഭിപ്രായംപറയും. അഭിപ്രായം പറയാൻ പാടില്ലെങ്കിൽ അത് അറിയിച്ചാൽമതി- കെ. മുരളീധരൻ എം.പി.

ഒന്നും അറിയില്ലെന്ന് എം.കെ. രാഘവൻ

കെ.പി.സി.സി. താക്കീതുചെയ്തെന്ന വാർത്തയെക്കുറിച്ച് എനിക്കൊന്നുമറിയില്ല. മാധ്യമങ്ങളിൽ കണ്ട അറിവേയുള്ളൂ. കെ.പി.സി.സി.യുടെ കത്ത് വരട്ടെ അപ്പോൾ പറയാം- എം.കെ. രാഘവൻ എം.പി.

Content Highlights: KPCC conveyed its displeasure On m k Raghavan and k Muralidharan to the High Command

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..