സുധാകരന് എതിരില്ല; കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഇന്ന്


1 min read
Read later
Print
Share

പ്രമേയം പാസാക്കി പിരിയും. കെ.പി.സി.സി. അംഗങ്ങളല്ലാത്തവരും ഭാരവാഹികൾ

കെ. സുധാകരൻ | Photo: Mathrubhumi

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറൽബോഡിയോഗം വ്യാഴാഴ്ച നടക്കും. ഭാരവാഹികളെ നേരത്തേ നിശ്ചയിച്ചതിനാൽ തികച്ചും സാങ്കേതിക തിരഞ്ഞെടുപ്പുമാത്രമാണ് നടക്കുക. പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരൻ തുടരും. മത്സരമില്ലാതെ സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാൽ, കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കാൻ ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിക്കും. പ്രഖ്യാപനം ഹൈക്കമാൻഡാകും നടത്തുക. രാവിലെ 11-ന് ഇന്ദിരാഭവനിലാണ് നടപടികൾ.

എ.ഐ.സി.സി. തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കുന്നത് പൂർത്തിയാക്കേണ്ടതുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, ഈ സ്ഥാനത്തേക്കെല്ലാം നാമനിർദേശം നടന്നതാണ്. നിലവിലെ ഭാരവാഹികൾക്കെതിരേ പൊതുയോഗത്തിൽ എതിർപ്പുണ്ടാകാനിടയില്ല. അതുകൊണ്ട് മത്സരത്തിനും സാധ്യതയില്ല.

310 അംഗങ്ങൾ: 77 പുതുമുഖങ്ങൾ

പുനഃസംഘടിപ്പിച്ച കെ.പി.സി.സി.യിൽ 310 അംഗങ്ങളുടെ പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. ഇതിൽ 77 പേർ പുതുമുഖങ്ങളാണ്. നിലവിലെ കെ.പി.സി.സി. ഭാരവാഹികളായ ചിലർ കെ.പി.സി.സി. ജനറൽബോഡിയിൽ അംഗങ്ങളായിട്ടില്ലെന്ന വൈരുധ്യവുമുണ്ട്. കെ.പി.സി.സി. അംഗങ്ങളിൽനിന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നാണ് പാർട്ടി ഭരണഘടന പറയുന്നത്.

സുധാകരൻ പ്രസിഡന്റായതിനുശേഷം ഭാരവാഹിസ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചിലരാണ് ജനറൽബോഡി അംഗങ്ങളല്ലാത്തവരായുള്ളത്. ഇവരെക്കൂടി കെ.പി.സി.സി. അംഗങ്ങളാക്കാനുള്ള ശ്രമംനടക്കുന്നുണ്ട്. അതിനാൽ, അംഗങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഗ്രൂപ്പ് തർക്കത്തെത്തുടർന്ന് അത് നടത്താനായിട്ടില്ല. ഒരു ബ്ലോക്കിൽനിന്ന് ഒരു പ്രതിനിധി എന്ന രീതിയിലാണ് കെ.പി.സി.സി. അംഗങ്ങളുണ്ടാകുക. അങ്ങനെ ബ്ലോക്ക് പ്രതിനിധികളായ 282 പേരാണുള്ളത്. ഇതിനുപുറമേ മുൻ കെ.പി.സി.സി. പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടിനേതാക്കൾ എന്നിവരും ജനറൽബോഡിയിലുണ്ടാകും.

Content Highlights: kpcc president election today

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..