ബി. അശോക്| Screengrab| Mathrubhumi. com video
ആലുവ: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരത്തെ പരിഹസിച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. അശോക്. കെ.എസ്.ഇ.ബി.യിൽ യാതൊരു പ്രശ്നവുമില്ലെന്നും സമരംചെയ്യുന്നവർ വെറുതേ മഴയത്തും വെയിലത്തും നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.സി.-എസ്.ടി. ജീവനക്കാരുടെ സംഘടനയായ ‘സേവ’യുടെ ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരക്കാരോട് വാത്സല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ മാറേണ്ടതുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ, ആറു മാസമായി അതിനുവേണ്ടി ശ്രമിക്കുകയാണെന്ന് സമരക്കാർക്ക് പൊട്ടിത്തെറിച്ച് പറയണമെന്നുണ്ട്. എന്നാൽ, അത് തുറന്നുപറയാൻ പറ്റാത്തതിനാൽ ‘ഏയ് അങ്ങനെയില്ല, മനോഭാവം മാറ്റിയാൽ മതി’ എന്നാണ് മറുപടി. ജീവിതത്തിൽ ഏറ്റവും ധർമസങ്കടമുണ്ടാക്കുന്ന അവസ്ഥ, മനസ്സിലുള്ളത് പറയാൻപറ്റാത്ത അവസ്ഥയാണ് -അശോക് പറഞ്ഞു.
കെ.എസ്.ഇ.ബി. ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ച് മുന്നോട്ടു പോയാലേ രക്ഷപ്പെടുകയുള്ളൂ. പരസ്പരബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ എല്ലാവരെയും കേൾക്കാനുള്ള സാഹചര്യമുണ്ട്. ഇത്തരം സാഹചര്യം സൃഷ്ടിച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. കെ.എസ്.ഇ.ബി.യിലെ എല്ലാ തൊഴിലാളി സംഘടനാ അംഗങ്ങൾക്കും ഇടതുപക്ഷ സ്വഭാവമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആലുവ വൈ.എം.സി.എ. ക്യാമ്പ് സെന്ററിൽ നടന്ന പരിപാടിയിൽ ‘സേവ’ സംസ്ഥാന പ്രസിഡന്റ് ചെറുമൂട് മോഹനൻ അധ്യക്ഷത വഹിച്ചു. ദിനു വെയിൽ അംബേദ്കർ ജയന്തി സന്ദേശം നൽകി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി. സീതാരാമൻ, ഡോ. അജയ് എസ്. ശേഖർ, മുരളി തോന്നയ്ക്കൽ, കെ.എസ്.ഇ.ബി. ബോർഡ് ഡയറക്ടർ ആർ. സുകു, ചീഫ് എൻജിനീയർ പി. സുരേന്ദ്ര, കെ.എസ്. ജയരാജ്, പി.എ. മുകുന്ദൻ, ശശീന്ദ്രൻ, ഷാജീരാജ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: kseb chairman mocks protestors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..