പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
കരിവെള്ളൂർ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാൽ കണ്ടക്ടറുടെ കൈയിൽനിന്ന് 5000 രൂപവരെ പിഴ ഈടാക്കും.
ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി. നേരത്തേ സസ്പെഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴയും നിയമനടപടിയും നേരിടണം.
കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകൾ വിശദീകരിക്കുന്നതിനുമായി മാനേജിങ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
മുപ്പത് യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ് പിഴ. 31 മുതൽ 47 വരെ യാത്രക്കാരുണ്ടെങ്കിൽ 3000 രൂപയും 48-ന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയും. സാധാരണ ബസിൽ 48-50 സീറ്റുകളാണുണ്ടാവുക. 10 യാത്രക്കാരെ കൂടുതൽ എടുക്കാനേ ചട്ടമുള്ളൂ. സൂപ്പർ എക്സ്പ്രസ് ബസിൽ 39 സീറ്റുകളേ ഉണ്ടാകൂ. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
ജീവനക്കാർക്കുണ്ടാകുന്ന വീഴ്ചകളിലും കൃത്യവിലോപങ്ങളിലും നിയമപരമായ നടപടികൾ നിലവിലുണ്ടെങ്കിലും വൻതുക പിഴ ചുമത്തുന്നതിനുള്ള നിർദ്ദേശം ആദ്യമായാണ്. സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ തെളിഞ്ഞാൽ ജീവനക്കാർ പിഴയായി 500 രൂപ നൽകണം. കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാകുകയും വേണം. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടയിനത്തിൽ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..