കണ്ടം ചെയ്യാനുള്ളത് 920 ബസുകളെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ


Representational Image: Mathrubhumi

കൊച്ചി : കാലാവധി കഴിഞ്ഞ 920 ബസുകളാണ് നിലവിൽ കണ്ടം ചെയ്യാനുള്ളതെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയെ അറിയിച്ചു. ഇതിൽ 681 സാധാരണ ബസുകളും 239 ജനറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കാസർകോട് സ്വദേശിയായ എൻ. രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി വിശദാംശങ്ങൾ തേടിയത്. ചീഫ് ലോ ഓഫീസർ പി.എൻ. ഹെനയാണ് സ്റ്റാൻഡിങ് കോൺസൽ ദീപു തങ്കൻ വഴി വിശദീകരണം ഫയൽ ചെയ്തത്. കണ്ടം ചെയ്യുന്നതിന് മുൻപ് ബസുകളുടെ എൻജിൻ, ഗിയർബോക്സ്, ബാറ്ററി തുടങ്ങിയവയുടെ പാർട്‌സുകൾ എടുക്കും. ബസുകൾ കണ്ടം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. പ്രത്യേക നടപടിക്രമങ്ങളിലൂടെയാണ് ബസുകൾ കണ്ടം ചെയ്യുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റൽ സ്‌ക്രാപ്പ് ട്രേഡിങ്‌ കോർപ്പറേഷൻ (എം.എസ്.ടി.സി.) വഴിയാണ് ലേലം നടത്തുക. ഈ വർഷം 750 ബസുകൾ പുതിയതായി ലഭിക്കും എന്നാണ് കരുതുന്നത്. ഇവ പാർക്ക് ചെയ്യാൻ സ്ഥലം ആവശ്യമാണെന്നതും കണക്കിലെടുത്താണ് ബസുകൾ കണ്ടം ചെയ്യുന്നത്. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

കണക്ക് ഒറ്റനോട്ടത്തിൽ

ആകെ ബസുകൾ -6185

ആർ.ടി.സി. ബസുകൾ -5466

ജനറം ബസുകൾ -719

സർവീസ് നടത്തുന്നവ -4903

കട്ടപ്പുറത്തുള്ളവ -1736

കണ്ടം ചെയ്യാനുള്ളത് -920

ഷോപ്പ് ഓൺ വീൽ -300

സർവീസിനായി റിലീസ് ചെയ്യാനുള്ളവ- 816

ജനറം ബസുകൾ ബാധ്യതയായെന്ന് കെ. എസ്. ആർ. ടി. സി.

കൊച്ചി: ജനറം ബസുകൾ ബാധ്യതയായെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ. കേന്ദ്രം നൽകിയ ജനറം ബസുകൾ കേരളത്തിന് അനുയോജ്യമായവയല്ല. മൈലേജ് കുറവും പ്രവർത്തനച്ചെലവ് കൂടുതലുമായിരുന്നു. 239 ജനറം ബസുകളിൽ ഭൂരിപക്ഷവും 2019 മുതൽ വിവിധ ഡിപ്പോകളിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. 239 ലോ ഫ്ലോർ ബസുകളും ഒൻപതുവർഷം പഴക്കമുള്ളവയാണ്. ഇവയിൽ അഞ്ച് ലക്ഷം കിലോമീറ്ററിലധികം ഓടിയിട്ടുള്ളവ കണ്ടം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 190 എ.സി.ലോ ഫ്ലോർ ബസുകളാണ് 2009, 2013 വർഷങ്ങളിലായി ലഭിച്ചത്. ഇതിൽ 37 എണ്ണം കട്ടപ്പുറത്താണ്. ഇതിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ല. ഈ ബസുകൾ ബൈപ്പാസ് സർവീസിനും ബസ് ഓൺ ഡിമാൻഡ്, വിനോദയാത്ര എന്നിവയ്ക്കായും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. എ.സി. ലോഫ്ലോർ ബസുകളുടെ അറ്റകുറ്റപ്പണിക്കായി 6.5 കോടി രൂപ ആവശ്യമാണ്. 2017 ലാണ് അവസാനമായി 101 ബസുകൾ വാങ്ങിയത്. ദീർഘദൂര സർവീസ് നടത്തുന്ന ബസുകളുടെ കാലാവധി അഞ്ച് വർഷമായിട്ടാണ് നിശ്ചയിച്ചിരുന്നത്. 2019-ൽ ഇത് ഒൻപത് വർഷമായി വർധിപ്പിച്ചു. ഈ വർഷം 195 ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കേണ്ടിവരും. അടുത്ത രണ്ട് വർഷത്തിനിടയിൽ 716 ബസുകളും പിൻവലിക്കണം. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഇനി ഇലക്ട്രിക് ബസുകളും സി.എൻ.ജി. ബസുകളും വാങ്ങാനാണ് സർക്കാർ തീരുമാനം. ഇത്തരം 450 ബസുകൾ ഉടൻ കെ.എസ്.ആർ.ടി.സി.യുടെ ഭാഗമാകും.

വർക് ഷോപ്പുകൾ കുറയ്ക്കും

നിലവിൽ 100 വർക് ഷോപ്പുകളും 100 ഓഫീസുകളും 100 സ്റ്റോറുകളുമായിരുന്നു ഉണ്ടായിരുന്നത്. ഇത് യഥാക്രമം 22, 14, 16 എന്നായി കുറയ്ക്കും. ബസുകളുടെ സർവീസ് അടക്കമുള്ളവ കംപ്യൂട്ടർ സംവിധാനത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബസുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ കഴിയുന്ന ആപ്പും ഏറെ താമസിയാതെ നിലവിൽ വരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..