പൊളിക്കാനുള്ളത് 920 കെ.എസ്.ആർ.ടി.സി. ബസുകൾ


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: നന്നാക്കി ഉപയോഗിക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകൾ പൊളിച്ചുവിൽക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്. ഒന്പതുമുതൽ 16 വരെ വർഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തിൽ സ്‌ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.

കെ.എസ്.ആർ.ടി.സി.യുടെ 2800 ബസുകൾ വിവിധ ഡിപ്പോകളിൽ ‘തള്ളി’യിരിക്കുകയാണെന്ന, ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ കോർപ്പറേഷൻ നിഷേധിച്ചു. കോവിഡിനുമുമ്പ് 4336 ഷെഡ്യൂളുകളിൽ 6202 ബസുകൾ കെ.എസ്.ആർ.ടി.സി. ഓടിച്ചതാണ്. കോവിഡ് വന്നതോടെ എല്ലാം താളംതെറ്റി.

ലോക്ഡൗണിൽ മുഴുവൻ ബസുകളും നിർത്തിയിടേണ്ടിവന്നു. ലോക്ഡൗൺ പിൻവലിച്ചശേഷവും ബസുകൾ പൂർണമായി ഇറക്കാനായിട്ടില്ല; പ്രത്യേകിച്ച് ജന്റം ബസുകൾ. കോവിഡ് മാനദണ്ഡമുള്ളതിനാൽ എ.സി. ബസുകൾ ഓടിക്കാനുള്ള തടസ്സമായിരുന്നു പ്രധാന കാരണം.

ജന്റം ബസുകൾ കേന്ദ്രസർക്കാർ സ്കീം അനുസരിച്ച് നൽകുന്നതാണ്. ഇത് കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചുള്ളവയല്ല. ഇന്ധനച്ചെലവ് കൂടുതൽ, അറ്റകുറ്റപ്പണിക്കുള്ള ഉയർന്ന ചെലവ്, കേരളത്തിലെ റോഡിന് ഇണങ്ങാത്ത ഘടന എന്നിവയെല്ലാം ഇതിനുകാരണമാണ്. എന്നാലും 219 ജന്റം ബസുകളിൽ പരമാവധി എണ്ണം ഓടിക്കാനായിട്ടുണ്ട്.

നിർത്തിയിട്ടവയിൽ 21 എണ്ണം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകും. ബസ് നിർമാണ കമ്പനിയുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് ബാക്കിയുള്ളവ സ്‌ക്രാപ്പാക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.

100 വർക്‌ഷോപ്പുകളും 93 ഡിപ്പോകളും കെ.എസ്.ആർ.ടി.സി.ക്കുണ്ട്. സർവീസ് നടത്താത്ത ബസുകൾ പല ഡിപ്പോകളിലായി നിർത്തുന്നത് ജനങ്ങൾക്കും മറ്റു ബസുകളുടെ സർവീസിനും തടസ്സമാകുമെന്നതിനാൽ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തേവര, പാറശ്ശാല, ഇൗഞ്ചയ്‌ക്കൽ, ചടയമംഗലം, ആറ്റിങ്ങൽ, കായംകുളം, ചേർത്തല, ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നീ യാർഡുകളിലാണ് ബസുകളുള്ളത്. ഇവയെല്ലാം സ്‌ക്രാപ്പാക്കി മാറ്റാനുള്ളതല്ല. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാവുന്നവയുണ്ട്. സർവീസ് ആവശ്യമാകുന്ന ഘട്ടത്തിൽ ഇവ ഉപയോഗിക്കുമെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.

പൊളിക്കാനുള്ള ബസുകൾ

കാലപ്പഴക്കം (വർഷം) കെ.എസ്.ആർ.ടി.സി. ബസ് ജന്റം

10 0 7

11 18 85

12 12 138

13 12 9

14 98 0

15 353 0

16 23 0

19 166 0

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..