കൈകാട്ടിയിട്ടും കെഎസ്ആർടിസി. ബസ് നിർത്തിയില്ല; ഓട്ടോപിടിച്ച് കയറിപ്പറ്റി,ഓട്ടോ ഓടിയത് 18 കിലോമീറ്റർ


ഓട്ടോ ഓടിയത് 18 കിലോമീറ്റർ; നിരക്ക്‌ 600 രൂപ

ksrtc

കണ്ണൂർ: കൈകാട്ടിയിട്ടും നിർത്താതെ പോയ കെ.എസ്.ആർ.ടി.സി. ബസ് പിടിക്കാൻ യാത്രക്കാരൻ ഓട്ടോയിൽ പിന്നാലെ പോയത് 18 കിലോമീറ്റർ. ഓട്ടോനിരക്കായി 600 രൂപ പോയെങ്കിലും കണ്ണൂരിലേക്ക് ബസ്‌ കിട്ടിയ ആശ്വാസത്തിലായിരുന്നു യാത്രക്കാരൻ. കണ്ണൂർ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലെ അസിസ്റ്റന്റ് കരിപ്പാൽ സുരേന്ദ്രനാണ് കെ.എസ്.ആർ.ടി.സി.യിൽ ഓൺലൈനിൽ ടിക്കറ്റ്‌ ബുക്ക് ചെയ്തിട്ടും ഈ ദുരിതം നേരിടേണ്ടിവന്നത്.

മേയ് 11-ന് ചങ്ങനാശ്ശേരിയിൽനിന്ന്‌ കണ്ണൂരിലേക്ക് വരാൻ സുരേന്ദ്രൻ രാത്രി 9.15-നുള്ള കൊട്ടാരക്കര-കൊല്ലൂർ സൂപ്പർഫാസ്റ്റ് ഡീലക്സ് ബസിൽ ഓൺലൈനിൽ സീറ്റ്‌ ബുക്ക്‌ചെയ്തിരുന്നു. ചില തിരക്കുകൾ കാരണം ചെങ്ങന്നൂരിൽനിന്നാണ് അദ്ദേഹം ബസ്‌ കയറാൻ തീരുമാനിച്ചത്. ഇക്കാര്യം ചങ്ങനാശ്ശേരി ഡിപ്പോയിലും ചെങ്ങന്നൂർ ഡിപ്പോയിലും വിളിച്ചറിയിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ രാത്രി 8.40-ന് ചെങ്ങന്നൂരിലെത്തി. ഡിപ്പോയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെക്കണ്ട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം സ്റ്റാൻഡിന് മുൻവശം പ്രധാന റോഡിൽ ബസ്‌ കാത്തുനിന്നു. മറ്റുചില യാത്രക്കാരുമുണ്ടായിരുന്നു.

ഒൻപതിന് ബസ് എത്തിയപ്പോൾ റോഡിലിറങ്ങി കൈകാണിച്ചെങ്കിലും ബസ് നിർത്താതെ പോയി. യാത്രക്കാർ ഒച്ചവെച്ചെങ്കിലും കണ്ടക്ടർ തിരിഞ്ഞുനോക്കിയില്ല. പിറ്റേന്ന് രാവിലെ ഒൻപതിന്‌ കണ്ണൂരിലെ മുഖ്യ തപാൽ ഓഫീസിൽ ഡ്യൂട്ടിക്ക് കയറണം. മാത്രമല്ല ഈ ദിവസം ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ് സന്ദർശനവും നിശ്ചയിച്ചിരുന്നു. മറ്റൊന്നും നോക്കാതെ സുരേന്ദ്രൻ ഓട്ടോപിടിച്ച് ബസിന് പിറകെ പറന്നു. പരമാവധി വേഗത്തിൽ ഓടിപ്പിടിക്കാൻ ഓട്ടോക്കാരനും യത്നിച്ചു.

ചങ്ങനാശ്ശേരിയിൽവെച്ച് ബസിൽ കയറാൻ പറ്റി. കണ്ടക്ടറുടെ നിരുത്തരവാദ പെരുമാറ്റത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സുരേന്ദ്രൻ കെ.എസ്.ആർ.ടി.സി. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. ബസിൽ കണ്ണൂർവരെ യാത്രക്കാർ കുറവായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..