പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിൽ 12 മണിക്കൂർവരെ പരമാവധി നീളാവുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനമായി.
ഒമ്പത് ഡിപ്പോകളിലേക്ക് ഷെഡ്യൂൾ തയ്യാറാക്കിയെങ്കിലും പരസ്പരധാരണയെത്തുടർന്ന് ശനിയാഴ്ചമുതൽ പാറശ്ശാല ഡിപ്പോയിൽമാത്രമാകും പുതിയ ഡ്യൂട്ടിക്രമം നടപ്പാക്കുക. സി.ഐ.ടി.യു., ബി.എം.എസ്. സംഘടനകൾ ഇതുസംബന്ധിച്ച് മാനേജ്‌മെന്റുമായി ധാരണയിലെത്തിയെങ്കിലും കോൺഗ്രസ് സംഘടനയായ ടി.ഡി.എഫ്. പണിമുടക്കിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ചമുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച ടി.ഡി.എഫിന്റെ അടിയന്തരയോഗം ചേരുന്നുണ്ട്.
മാനേജ്‌മെന്റ് തയ്യാറാക്കി കൈമാറിയ ഷെഡ്യൂളുകളിൽ അപാകമുണ്ടെന്ന് തൊഴിലാളിസംഘടനകൾ ആരോപിച്ചു.
തിരക്കുള്ള പലറൂട്ടുകളിലും ആവശ്യത്തിന് ബസുകളില്ലാത്തവിധത്തിലാണ് ക്രമീകരണമെന്നാണ് പരാതി. ഷെഡ്യൂൾസമയം കുറച്ചിട്ടുണ്ട്. ഇതുകാരണം ബസുകൾ നിശ്ചിതസമയത്ത് ഓടിയെത്തില്ല. ഇവ പരിഹരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സർക്കാർ നിശ്ചയിച്ചപ്രകാരം ഡ്യൂട്ടിപരിഷ്കരണം ആരംഭിക്കേണ്ടതുണ്ടെന്ന് സി.എം.ഡി. ബിജു പ്രഭാകർ പറഞ്ഞു.
റൂട്ടുകൾ പുനഃക്രമീകരിച്ചതാണെന്ന അവകാശവാദമാണ് മാനേജ്‌മെന്റ് ഉയർത്തിയത്. നിലവിൽ തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂളുകൾ യാത്രാക്ലേശം കൂട്ടുകയും ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനകൾ ആരോപിച്ചു.
ചർച്ചയ്ക്കിടെ വാക്‌തർക്കം
ചർച്ചയ്ക്കിടെ കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകറും ടി.ഡി.എഫ്. വർക്കിങ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ.യുമായി വാക്‌തർക്കമുണ്ടായി. ടി.ഡി.എഫ്. നോട്ടീസ് നൽകിയ പണിമുടക്കിനെക്കുറിച്ച് ചർച്ചചെയ്യാത്തതിനെ വിൻസെന്റ് ചോദ്യംചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചത്. പണിമുടക്കിനെക്കുറിച്ച് ചർച്ചചെയ്യാനല്ല യോഗം ചേർന്നതെന്നും അജൻഡ ഡ്യൂട്ടിപരിഷ്കരണമാണെന്നും ബിജു പ്രഭാകർ പറഞ്ഞു. പണിമുടക്കുന്നവർക്ക് ശമ്പളം നൽകില്ലെന്നും മറ്റുള്ളവർക്ക് അഞ്ചിനുതന്നെ ശമ്പളം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.
Content Highlights: KSRTC Duty Reform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..