ശമ്പളപ്രതിസന്ധി: കെ.എസ്.ആർ.ടി.സി. യൂണിയനുകൾ അനിശ്ചിതകാല സമരത്തിലേക്ക്


Photo: Mathrubhumi

തിരുവനന്തപുരം: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. തൊഴിലാളി യൂണിയനുകൾ സംയുക്തമായി അനിശ്ചിതകാല പണിമുടക്കിലേക്ക്‌ നീങ്ങുന്നു. ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഇതിൽ ഉടൻ ധാരണയാകുമെന്നറിയുന്നു. എല്ലാമാസവും ശമ്പളത്തിനുവേണ്ടി കാത്തിരിക്കുന്ന അവസ്ഥ തുടരാനാകില്ലെന്ന നിലപാടിലാണ് സംഘടനകൾ.

സി.ഐ.ടി.യു., ബി.എം.എസ്., ഐ.എൻ.ടി.യു.സി. കൂട്ടായ്മയായ ടി.ഡി.എഫ്., എ.ഐ.ടി.യു.സി. എന്നിവരെല്ലാം ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആർ.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധർണയും റിലേസത്യാഗ്രഹവും നടക്കുകയാണ്.

ബസ് സർവീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്നപരിഹാരത്തിന് മാനേജ്മെന്റും സർക്കാരും ശ്രമിക്കുന്നില്ല എന്നാരോപിച്ചാണ് പണിമുടക്കിലേക്കു നീങ്ങുന്നത്. കഴിഞ്ഞ രണ്ടുമാസവും 20-ന്‌ ശേഷമാണ് ശമ്പളം നൽകിയത്.

ഓവർഡ്രാഫ്റ്റ് എടുത്ത 50 കോടിക്ക് ഭാഗികമായി ശമ്പളവിതരണം ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർക്കാണ് ആദ്യവിതരണം. ഇവർക്ക് ശമ്പളം നൽകാൻ 55 കോടി രൂപവേണം. പ്രതിദിന വരുമാനംകൂടി എടുത്താകും ശമ്പളവിതരണം.

30 കോടി രൂപ കൂടി സമാഹരിച്ചാലേ മറ്റുവിഭാഗങ്ങൾക്കും ശമ്പളം നൽകാനാകൂ. ഇത്തവണ സർക്കാർവിഹിതമായി 30 കോടിയാണു ലഭിച്ചത്. അധിക സാമ്പത്തികസഹായമായി 35 കോടികൂടി മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിച്ചു. കഴിഞ്ഞമാസം രണ്ടുതവണയായി 50 കോടി രൂപ സർക്കാർ നൽകിയിരുന്നു.

ശാശ്വതപരിഹാരത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗംചേരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 27-ന് യൂണിയനുകളുമായും ചർച്ചനടത്തും. പണിമുടക്കിലേക്ക് പോകുന്നത് പ്രതിസന്ധി ഇരട്ടിപ്പിക്കും. ആറുമാസത്തിനകം പ്രതിസന്ധി തീർക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Content Highlights: ksrtc unions moves towards indefinite strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..