കെ.ടി. ജലീൽ, പി.കെ. അബ്ദുറബ്ബ്| Photo: Mathrubhumi
മലപ്പുറം: സാമൂഹികമാധ്യമത്തിലൂടെ ഇടതു വലതു ചേരികളിലെ മുൻ വിദ്യാഭ്യാസമന്ത്രിമാരുടെ ഘോരയുദ്ധം. കെ.ടി. ജലീലും പി.കെ. അബ്ദുറബ്ബുമാണ് ഫെയ്സ്ബുക്ക് അങ്കത്തട്ടാക്കിയത്. അണികളും സംഗതി ഏറ്റെടുത്തതോടെ പോരാട്ടം ഉഷാറായി.
ലോക കേരളസഭയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വാക്പോരിന് കാരണമായത്. മുസ്ലിംലീഗിനെ പരിഹസിച്ച് കെ.ടി. ജലീൽ എം.എൽ.എ.യാണ് ആദ്യം വാൾ വീശിയത്. ഞായറാഴ്ച രാത്രിയായിരുന്നു ജലീലിന്റെ പോസ്റ്റ്. എം.എ. യൂസഫലി ആദരണീയ വ്യക്തിയാണെന്നും ലോക കേരളസഭയിൽനിന്നു വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നുമുള്ള സാദിഖലി തങ്ങളുടെ പ്രസ്താവന പങ്കുവെച്ച് “ആർക്കെങ്കിലും വിൽക്കാനും വിലയ്ക്കെടുക്കാനും മുസ്ലിം ലീഗ് വാണിയംകുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അർഥം” എന്നാണ് ജലീൽ പോസ്റ്റിട്ടത്.
അതിനു മറുപടിയുമായി റബ്ബ് രംഗത്തുവന്നു. “കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശയ്ക്കുവേണ്ടിപ്പോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ട്. അവയെയോർത്ത് സഹതാപം മാത്രം”-എന്നായിരുന്നു റബ്ബിന്റെ മറുപടി. ജലീൽ ഇതിനു മറുപടി പറഞ്ഞത് റബ്ബിന്റെ പഴയ വീടുമാറ്റത്തിന്റെ സ്ക്രീൻഷോട്ടോടെയാണ്. ബന്ധുനിയമനം ഉൾപ്പെടെ പഴയ കാര്യങ്ങൾ പറഞ്ഞുള്ള പോസ്റ്റിലൂടെ റബ്ബ് മണിക്കൂറുകൾക്കകം മറുപടിനൽകി.
സ്വാശ്രയ മെഡിക്കൽ കോളേജിൽ സീറ്റ് വർധിപ്പിച്ചത് സ്വന്തം മകന്റെ സീറ്റുറപ്പിക്കാനാണെന്ന് ജലീൽ വീണ്ടും ആരോപണമുന്നയിച്ചു. ഇതോടെ ഇരു വിഭാഗം പ്രവർത്തകരും ട്രോളുമായെത്തി. ഓണപ്പരീക്ഷയെക്കുറിച്ച് അബ്ദുറബ്ബ് നടത്തിയ പ്രസ്താവനയും ഇ.ഡി. ചോദ്യംചെയ്തതുമായും ബന്ധപ്പെട്ട പത്രവാർത്തകൾ ഉൾപ്പെടുത്തിയായിരുന്നു ജലീലിന്റെ അടുത്ത പോസ്റ്റ്. മുൻ വിദ്യാഭ്യാസമന്ത്രിമാരുടേത് നിലവാരമില്ലാത്ത പ്രതികരണങ്ങളാണെന്ന് ഇരുവരുടെയും പോസ്റ്റിനു താഴെ നിഷ്പക്ഷരും കമന്റിടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..