കശ്മീർ; വിവാദപരാമർശം പിൻവലിച്ച് ജലീൽ


K T Jaleel | Photo: Mathrubhumi

മലപ്പുറം: കശ്മീരിനെപ്പറ്റി ഫെയ്‌സ്ബുക്കിൽ കുറിച്ച വിവാദപരാമർശങ്ങൾ മുൻമന്ത്രി കെ.ടി. ജലീൽ പിൻവലിച്ചു. തന്റെ യാത്രക്കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയെന്നും ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തെന്നുമാണ് വിശദീകരണം. നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമാണ് കുറിപ്പിലെ വരികൾ പിൻവലിക്കുന്നതെന്നും ജലീൽ പറഞ്ഞു.

സി.പി.എം. നേതാക്കളാരും വിഷയത്തിൽ ജലീലിനെ പിന്തുണച്ചിരുന്നില്ല. ചിലനേതാക്കൾ പരസ്യമായി അതൃപ്തിയറിയിക്കുകയും ചെയ്തു. ഇതോടെയാണ് ജലീലിന്റെ ചുവടുമാറ്റം.

പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നായിരുന്നു ജലീൽ വിശേഷിപ്പിച്ചത്. ജമ്മുവും കശ്മീർതാഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകശ്മീർ എന്നും എഴുതിയിരുന്നു. ഇതിനെതിരേ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയടക്കം രംഗത്തുവരികയും ഡൽഹി പോലീസിലടക്കം പരാതിയെത്തുകയുംചെയ്തു. ജലീലിനെതിരേ രാജ്യദ്രാഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടു.

ജലീലിന്റെ രാജ്യവിരുദ്ധപരാമർശം ബോധപൂർവമെങ്കിൽ പിൻവലിച്ച് മാപ്പുപറയണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു.

എന്നാൽ, ശനിയാഴ്ച രാവിലെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലും ‘ആസാദ് കാശ്മീർ’ പരാമർശത്തെ ജലീൽ ന്യായീകരിച്ചിരുന്നു. ഡബിൾ ഇൻവർട്ടഡ് കോമയിലാണ് ആസാദ് കശ്മീർ എന്നെഴുതിയതെന്നും അതിന്റെ അർഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപംമാത്രമാണെന്നുമായിരുന്നു വിശദീകരണം. ‘ഇന്ത്യൻ അധീന ജമ്മു കശ്മീർ’ എന്ന പരാമർശത്തെക്കുറിച്ച് ഒന്നു പറഞ്ഞിരുന്നുമില്ല.

ഇതിനുപിന്നാലെ ജലീലിന്റെ പരാമർശം സി.പി.എം. നിലപാടല്ലെന്നും അത്തരം പ്രസ്താവനകൾ പാർട്ടി നടത്താറില്ലെന്നും മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും അല്ലാതെവരുന്നതൊന്നും പാർട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് ജലീൽ വിവാദപരാമർശങ്ങൾ പിൻവലിച്ചത്.

Content Highlights: kt Jalil withdrew the controversial reference on Kashmir

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..