വിഴിഞ്ഞം അക്രമം; പോലീസിനെ കുറ്റപ്പെടുത്തി ഇടയലേഖനം


വിഴിഞ്ഞത്ത് പ്രതിഷേധത്തെത്തുടർന്നുണ്ടായ സംഘർഷം | Photo: Mathrubhumi

തിരുവനന്തപുരം: വിഴിഞ്ഞം അക്രമസംഭവത്തിൽ വീണ്ടും പോലീസിനെയും സർക്കാരിനെയും കുറ്റപ്പെടുത്തി ഇടയലേഖനവുമായി ലത്തീൻ സഭ. ഞായറാഴ്ച പള്ളികളിൽ വായിക്കുന്ന ലേഖനത്തിലാണ് അനിഷ്ടസംഭവങ്ങൾക്കിടയാക്കിയ കാരണങ്ങൾ വിശദീകരിക്കുന്നത്.

അതിജീവനസമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സർക്കാരിന്റെ സമീപനവും പലകോണുകളിൽനിന്നും വർഗീയവാദികളായി പ്രചരിപ്പിക്കുന്ന രീതികളുമാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് ലേഖനത്തിൽ പറയുന്നു. തീരശോഷണത്തിൽ വീടും സ്ഥലവും നഷ്ടപ്പെടുകയും മത്സ്യബന്ധനം ദുഷ്‌കരമായി പുനരധിവാസം മുടങ്ങുകയുംചെയ്ത സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്. ചർച്ചകളിൽ സമയവായത്തിന് പകരം സർക്കാർ തീരുമാനം അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്. ഗോഡൗണുകളിലും സ്‌കൂളുകളിലും കഴിയുന്നവരെ 5500 രൂപ വാടകനൽകി മാറ്റിപ്പാർപ്പിക്കാൻ സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. മറ്റാവശ്യങ്ങളിൽ സമരസമിതിയുമായി സമവായത്തിലെത്താൻ മന്ത്രിസഭാ ഉപസമിതി സന്നദ്ധമായില്ലെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.

27-ന് വിഴിഞ്ഞം മുക്കോല ഭാഗത്തുവെച്ച് രണ്ടുപ്രദേശവാസികളെ ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വിവരമന്വേഷിച്ച് പോലീസ് സ്റ്റേഷനിലെത്തിയവർക്ക് കൃത്യമായ വിവരം നൽകിയില്ല. പോലീസുമായി സംസാരിക്കാൻ ഇടവക കൗൺസിലിലെ നാലുപേരെ വികാരി ഫാ. മെൽക്കോൺ ചുമതലപ്പെടുത്തി. പോലീസും ജനങ്ങളും തമ്മിൽ വാക്കേറ്റം തുടരുന്നതിനിടെ സ്റ്റേഷന് എതിർവശത്തുള്ള കെട്ടിടത്തിന്റെ ടെറസിൽനിന്നും പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കല്ലേറ് തുടങ്ങി. ഇതിൽ പ്രകോപിതരായ പോലീസ് സ്ത്രീകളെ അടിച്ചു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്റ്റേഷൻ പരിസരത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഇടയലേഖനത്തിൽ പറയുന്നു.

തുറമുഖനിർമാണം മൂലമുണ്ടാകാവുന്ന ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ സമരസമിതി നിയോഗിച്ച വിദഗ്ധ ജനകീയ കമ്മിറ്റിയുടെ പഠനച്ചെലവിനായി ജനങ്ങളിൽനിന്നു പണം സ്വരൂപിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് എല്ലാ ദൈവാലയങ്ങളിലും കുരിശ്ശിന്റെ വഴി പ്രാർഥന നടത്തുമെന്നും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ അറിയിച്ചു.

Content Highlights: latin church blames police against vizhinjam incident

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..