ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം : ഗവർണർ ഇടയ്ക്കിടെ പോരിനിറങ്ങുകയും നിലപാട് തിരുത്തി പിന്മാറുകയും ചെയ്യുന്നത് ആവർത്തിച്ചതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹത്തിനെതിരായി. പോരിന് ഇടംകൊടുക്കാതെ മാറിനടക്കുന്ന രീതിയാണ് പലഘട്ടത്തിലും സർക്കാർ സ്വീകരിച്ചത്. എന്നാൽ, നയപ്രഖ്യാപനത്തിലെ ഉടക്കുതീർക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ബലിയാടാക്കി ഒത്തുതീർപ്പുണ്ടാക്കേണ്ടിവന്നതോടെ അന്തസ്സുകുറഞ്ഞ രാഷ്ട്രീയക്കളിയാണ് ഗവർണറുടേതെന്ന് സി.പി.എം. നേതാക്കൾക്ക് വിമർശിക്കേണ്ടിവന്നു.
സർക്കാരുമായി ഒത്തുകളിക്കുന്ന വിലപേശൽരീതി ഗവർണർക്കുണ്ടെന്ന ആരോപണമുയർത്തി നേരത്തേത്തന്നെ പ്രതിപക്ഷം കലഹം തുടങ്ങിയതാണ്. പൗരത്വനിയമഭേദഗതി, കാർഷികനിയമം വിഷയങ്ങളിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗവർണറുടെ നിലപാടുകളെ എതിർത്തിരുന്നു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻശ്രമിച്ചത് പ്രതിഷേധത്തിന്റെ കടുപ്പം പ്രകടിപ്പിക്കാനായിരുന്നു.
അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലതന്നെയാണ് ഇതിന് അനുമതിതേടിയത്. എന്നാൽ, ഗവർണറുമായി അത്തരമൊരു ഏറ്റുമുട്ടൽരീതി തുടരുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലാണ് സർക്കാരിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രമേയാവതരണത്തിന് അനുമതി ലഭിച്ചില്ല. നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ തടയാനും പ്രതിപക്ഷം ശ്രമിച്ചു. ഇത് അസാധാരണസംഭവങ്ങളാണ് സഭയിലുണ്ടാക്കിയത്.
കെ. കരുണാകരൻ അനുസ്മരണത്തിന് മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ഗവർണറെ പൗരത്വഭേദഗതിക്ക് അനുകൂലനിലപാട് സ്വീകരിച്ചതിന്റെ പേരിൽ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുന്നിടത്തോളം പ്രതിപക്ഷപ്രതിഷേധത്തിന് കനമുണ്ടായിരുന്നു.
സർക്കാരിനെതിരേ തിരിഞ്ഞപ്പോഴെല്ലാം ഗവർണർ വേഗം പിന്മാറുകയും നിലപാട് തിരുത്തുകയുംചെയ്യുന്നത് ആവർത്തിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്ന ആരോപണം യു.ഡി.എഫ്. ഉന്നയിക്കുന്നത്. കണ്ണൂർ വി.സി. നിയമനത്തിൽ ഗവർണറെയും സർക്കാരിനെയും ഒരുപോലെ എതിർക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്.
സർക്കാരിനുനേരെ കടുത്ത വിമർശനമുയർത്തിയ ഗവർണറുടെ വാക്കുകൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ഒത്തുതീർപ്പിനുള്ള സാധ്യത തേടുകയാണ് ഗവർണറെന്ന വിമർശനമാണ് പ്രതിപക്ഷനേതാവ് നടത്തിയത്.
സർവകലാശാലാ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച ഗവർണർ, പറഞ്ഞതെല്ലാം മാറ്റി കീഴടങ്ങുകയുംചെയ്തു. ലോകായുക്ത ഓർഡിനൻസിലും ഗവർണർ സർക്കാരിനു വഴങ്ങി. ഇതോടെ ഗവർണറെ വിമർശിക്കുന്നതിന് പ്രതിപക്ഷത്തിന്റെ മൂർച്ച കൂടുകയുംചെയ്തു.
Content Highlights : LDF and UDF against the Governor Arif Mohammad Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..