ലോക കേരളസഭ: പിരിവിൽ ഓഡിറ്റില്ല


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | AP

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളുടെ നടത്തിപ്പിന് പിരിച്ചെടുക്കുന്ന പണത്തിൽ സർക്കാർ ഓഡിറ്റുണ്ടാവില്ല. പിരിവ് സംബന്ധിച്ച് ഓഡിറ്റ് പരിശോധനയുണ്ടാകുമെന്ന നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ വിശദീകരണം വിവാദങ്ങളെ തണുപ്പിക്കാനുള്ള നീക്കം മാത്രമായി ഒതുങ്ങും. മുമ്പുനടന്ന രണ്ട് മേഖലാ സമ്മേളനങ്ങൾക്കും ഈ ഓഡിറ്റ് പരിശോധന ഉണ്ടായിട്ടില്ല.

ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലാണ് മുമ്പ് മേഖലാസമ്മേളനം നടന്നത്. ഇതിന്റെ നടത്തിപ്പിനായി പ്രത്യേകം സംഘാടകസമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയാണ് സ്പോൺസർഷിപ്പിലൂടെ ഫണ്ട് കണ്ടെത്തിയത്. സമ്മേളനത്തിന്റെ ചെലവും വരവും സംബന്ധിച്ച് നോർക്കയ്ക്ക് റിപ്പോർട്ട് ചെയ്യാറുണ്ട്. പക്ഷേ, പിരിവിന്റെ വിവരങ്ങൾ പ്രത്യേകമായി ഓഡിറ്റ് നടത്തുന്ന രീതിയുണ്ടായിട്ടില്ല.

സർക്കാരിന്റെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് നടക്കാറുണ്ട്. ലോകകേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ നടത്തിപ്പ് സർക്കാർ പണം ഉപയോഗിച്ചുള്ളതല്ല. അതുകൊണ്ടുതന്നെ സി.എ.ജി.യുടെ ഓഡിറ്റ് പരിശോധന നടക്കാറുമില്ല.

സർക്കാരിന്റെ പരിപാടിയായാണ് ലോകകേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ നടക്കുന്നത്. ആ രീതിയിലാണ് സ്പോൺസർഷിപ്പും സംഘടിപ്പിക്കുന്നത്. അത്തരം പിരിവുകൾ സംബന്ധിച്ചുള്ള സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സ്പോൺസർഷിപ്പിന് തുടക്കത്തിലേ വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ലെന്നാണ് അമേരിക്കൻ മലയാളികൾ സൂചിപ്പിക്കുന്നത്. ഡയമണ്ട്‌ സ്പോൺസറായി രണ്ടുകോടി രൂപ ഒരു മലയാളി വ്യവസായി നൽകിയതോടെയാണ് പ്രവർത്തനത്തിന് ഊർജം വന്നത്. ഇദ്ദേഹത്തെക്കൂടി സംഘാടകസമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

അഞ്ചരലക്ഷം ഡോളർ (ഏകദേശം 4.53 കോടി രൂപ) ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതുവരെ സ്പോൺസർഷിപ്പിലൂടെ എത്രരൂപ പിരിച്ചെടുത്തുവെന്നത് സംബന്ധിച്ച്, വിവാദങ്ങൾക്ക് ശേഷവും നോർക്കയോ ലോകകേരള സഭാ സെക്രട്ടേറിയറ്റോ വിശദീകരണം നൽകിയിട്ടില്ല.

സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകാതിരിക്കുന്ന വിധത്തിലാണ് സംഘാടകസമിതി രൂപവത്കരിക്കാറുള്ളത്. ഇതിൽ നോർക്കയിൽനിന്നുപോലും പ്രതിനിധിയില്ല. അതിനാൽ, പിരിച്ചെടുക്കുന്ന പണത്തിന് ഓഡിറ്റുണ്ടാകുമെന്ന നോർക്ക വൈസ് ചെയർമാന്റെ വിശദീകരണം പ്രായോഗികമായി നടപ്പാവുന്നതല്ല.

മുഖ്യമന്ത്രി ഏഴിന് പോകും

ലോകകേരള സഭയുടെ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.എൻ. ബാലഗോപാലും സ്പീക്കർ എ.എൻ. ഷംസീറും ഏഴിന് ന്യൂയോർക്കിലേക്ക് പോകും. അതിനാൽ, ബുധനാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: Loka Kerala Sabha fundraising audit

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..