വി.മുരളീധരൻ, ജോൺ ബ്രിട്ടാസ് |ഫോട്ടോ:മാതൃഭൂമി
തലശ്ശേരി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ ലൗ ജിഹാദിൽ കോർത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും ജോൺ ബ്രിട്ടാസ് എം.പി.യും. മുരളീധരനാണ് പ്രസംഗത്തിനിടെ ആദ്യം ലൗ ജിഹാദിനെക്കുറിച്ച് പറഞ്ഞത്. ജോൺ ബ്രിട്ടാസ് ആശംസാപ്രസംഗത്തിനിടെ മുരളീധരന് മറുപടിയും നൽകി.
ബ്രിട്ടാസ് സംസാരിക്കുമ്പോൾ മുരളീധരൻ പുറത്തിറങ്ങിയിരുന്നു. ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതിന് അഭിവന്ദ്യ പിതാക്കന്മാരെപോലും കേസിൽ പ്രതികളാക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. വിഷയത്തിൽ സഭയുടെ ആശങ്ക പാംപ്ലാനി പിതാവ് കഴിഞ്ഞദിവസം പങ്കുവെച്ചു. സഭാനേതൃത്വമല്ലാതെ മറ്റാരാണ് ഇത്തരം കാര്യങ്ങൾ പറയുകയെന്ന് മുരളീധരൻ ചോദിച്ചു.
അധികാരത്തിന്റെ ഗർവിൽ വരുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കരുതിയിരിക്കണമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. യേശുദേവൻ സമുദായത്തിനും സമൂഹത്തിനും മതിലുകളല്ല പാലമാണ് തീർത്തത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലൂടെ നീങ്ങാൻ ക്രിസ്തുമതവിശ്വാസികൾക്ക് കഴിയില്ല -ബ്രിട്ടാസ് പറഞ്ഞു. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ മാർ. ജോസഫ് പാംപ്ലാനിക്ക് ഉറച്ചനിലപാടുള്ളതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
മതമൈത്രി ഉണരേണ്ട കാലഘട്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എല്ലാ സമുദായവും കൈകോർത്ത് മുന്നോട്ടുപോകേണ്ട കാലഘട്ടമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..