ഓളവും തീരവും മധുരം പകർന്നു; ഒരു ചെറുപുഞ്ചിരിയോടെ എം.ടി.


തൊടുപുഴയിൽ സിനിമാസെറ്റിൽ എം.ടി. വാസുദേവൻ നായർക്ക് 89-ാം പിറന്നാളാഘോഷം

1969-ൽ ഓളവും തീരവും സിനിമയുടെ ലൊക്കേഷൻ ദൃശ്യം. സംവിധായകൻ പി.എൻ. മേനോൻ, ഛായാഗ്രാഹകൻ മങ്കട രവിവർമ, തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ, നടി ഉഷാ നന്ദിനി, പുതുക്കുടി ബാലൻ, ടി. ദാമോദരൻ, നിർമാതാവ് പി.എ. ബക്കർ ആസാദ് എന്നിവർ | ഫോട്ടോ: പുനലൂർ രാജൻ (ഫയൽ ചിത്രം)

തൊടുപുഴ: മുറിച്ചുവെച്ച കേക്കിൽനിന്ന്‌ മധുരംനുള്ളി നടൻ മോഹൻലാൽ നാവിൽ വെച്ചുകൊടുത്തപ്പോൾ എം.ടി. വാസുദേവൻനായർ സ്നേഹം ഒരു കൈയാംഗ്യത്തിലും ചെറുപുഞ്ചിരിയിലുമൊതുക്കി. തുടർന്ന് മകൾ അശ്വതി വി.നായരും സംവിധായകൻ പ്രിയദർശനും എം.ടി.ക്ക്‌ കേക്ക് പങ്കിട്ടു. ‘എംടിച്ചേട്ടാ...’ എന്നുവിളിച്ച് ക്യാമറാമാൻ സന്തോഷ് ശിവനുമെത്തി. സാബു സിറിളും ദുർഗാ കൃഷ്ണയും സുരഭി ലക്ഷ്മിയും ഒപ്പംനിന്നു. ‘ഓളവും തീരവും’ എന്ന സിനിമയുടെ സെറ്റ് മുഴുവൻ പ്രിയപ്പെട്ട കഥാകാരന് 89-ാം പിറന്നാളാശംസയുടെ ആദരമേകി. കുടയത്തൂരിലെ പുഴയും കാടും മലകളും ആ ചരിത്രനിമിഷത്തിന് സാക്ഷിയായി.

Also Read

എം.ടി. വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകളുമായി ...

സാബു സിറിൾ സിനിമയ്ക്ക് ഒരുക്കിയ സെറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-നാണ് പിറന്നാളാഘോഷിക്കാൻ എം.ടി. എത്തിയത്. മകൾ അശ്വതി വി. നായരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് സംവിധായകന്റെ അടുത്തിരുന്ന് മോണിറ്ററിലൂടെ അദ്ദേഹം ചിത്രീകരണം വീക്ഷിച്ചു. പിറന്നാൾസദ്യയും ഒരുക്കിയിരുന്നു.നെറ്റ്ഫ്ളിക്സിനുവേണ്ടി ന്യൂസ് വാല്യു പ്രൊഡക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡും ആർ.പി.എസ്.ജി. സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്ന് നിർമിക്കുന്ന എം.ടി. കഥകളുടെ ആന്തോളജിയുടെ ഭാഗമായാണ് 1970-ൽ മധുവും ഉഷാ നന്ദിനിയും അഭിനയിച്ച് പി.എൻ. മേനോൻ സംവിധാനംചെയ്ത ‘ഓളവും തീരവും’ ബ്ലാക്ക് ആൻഡ് വൈറ്റിൽത്തന്നെ പ്രിയദർശൻ 50 മിനുട്ടിലേക്ക് ഒതുക്കി ചിത്രീകരിക്കുന്നത്. സ്വർഗം തുറക്കുന്ന സമയം (ജയരാജ്), കാഴ്ച (ശ്യാമപ്രസാദ്), വിൽപ്പന (അശ്വതി വി.നായർ), ശിലാലിഖിതം, ഓളവും തീരവും (പ്രിയദർശൻ), അഭയംതേടി വീണ്ടും (സന്തോഷ് ശിവൻ), ഷെർലക്ക് (മഹേഷ് നാരായണൻ), കടൽക്കാറ്റ് (രതീഷ് അമ്പാട്ട്), കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്നിവയാണ് ആന്തോളജിയിലെ മറ്റുചിത്രങ്ങൾ.

Content Highlights: M. T. Vasudevan Nair's Birthday Celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..