പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
കൊച്ചി: മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാൻ കേരള സഹകരണനിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും അതിനാൽ അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ എതിർസത്യാവാങ്മൂലം ഫയൽചെയ്തു.
റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പൊതുതാത്പര്യം കണക്കിലെടുത്ത് ജില്ലാബാങ്കിനെ സംസ്ഥാനബാങ്കിൽ ലയിപ്പിക്കാമെന്ന ഭേദഗതി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സഹകരണബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുറപ്പാക്കുന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണ് ഈ ഭേദഗതിയെന്നാണ് ആർ.ബി.ഐ. അസിസ്റ്റന്റ് ജനറൽ മാനേജർ ടി.ആർ. സൂരജ് മേനോൻ അഡ്വ. മിലു ദണ്ഡപാണിവഴി ഫയൽചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നത്.
മലപ്പുറം ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിച്ചത് ചോദ്യംചെയ്ത് യു.എ. ലത്തീഫ് എം.എൽ.എ. അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും.
നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ബാങ്ക് രജിസ്റ്റർചെയ്യുമ്പോൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഡി.ഐ.സി.ജി.സി.) ആക്ടിലെ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.
ബാങ്കുകളുടെ ലയനം ആർ.ബി.ഐ.യുടെ മുൻകൂർ അനുമതിയോടെ വേണമെന്ന് ഈ നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ വകുപ്പ് 74-എച്ച് ഭേദഗതിവഴി കൂട്ടിച്ചേർത്തതിലൂടെ സംസ്ഥാനസർക്കാരിന് ആർ.ബി.ഐ.യുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ജില്ലാ സഹകരണബാങ്കുകൾ ലയിപ്പിക്കാം. മലപ്പുറം ജില്ലാബാങ്ക് ഇത്തരത്തിലാണ് ലയിപ്പിച്ചത്.
ഡി.ഐ.സി.ജി.സി. ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇത്തരത്തിൽ മലപ്പുറം ബാങ്ക് കേരളബാങ്കിൽ ലയിപ്പിച്ചതോടെ ബാങ്കിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
വകുപ്പ് 74 എച്ച്
2021-ൽ കേരള സഹകരണനിയമത്തിൽ കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് വകുപ്പ് 74 എച്ച് കൂട്ടിച്ചേർത്തത്. ഇതുപ്രകാരം ബാങ്ക് ജനറൽ ബോഡി കേവലഭൂരിപക്ഷത്തിൽ പാസാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാർക്ക് ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാം. ജനറൽ ബോഡി ഇത്തരത്തിലൊരു പ്രമേയം പാസാക്കിയില്ലെങ്കിലും പൊതുതാത്‌പര്യം മുൻനിർത്തി റിസർവ് ബാങ്കിനെ അറിയിച്ച് ജില്ലാ സഹകരണബാങ്കിനെ സംസ്ഥാനസഹകരണബാങ്കിൽ ലയിപ്പിക്കാമെന്നും ഭേദഗതിയിൽ പറയുന്നു.
ജനറൽ ബോഡി മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലേ ബാങ്ക് ലയനം സാധ്യമാകൂ എന്നായിരുന്നു 1969-ൽ നിലവിൽവന്ന സഹകരണനിയമത്തിൽ പറഞ്ഞിരുന്നത്. 74-എ വകുപ്പുപ്രകാരം ആർ.ബി.ഐ.യുടെ മുൻകൂർ അനുമതി രേഖാമൂലം വേണമെന്നും നിഷ്കർഷിച്ചിരുന്നു.
എന്നാൽ, 2019-ൽ ജനറൽ ബോഡിയിലെ കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ലയനത്തിന് അനുമതികൊടുക്കാമെന്ന ഭേദഗതി കൊണ്ടുവന്നു. ഇതിനുപിന്നാലെയായിരുന്നു ജനറൽ ബോഡി പ്രമേയം പാസാക്കിയില്ലെങ്കിലും പൊതുതാത്പര്യം കണക്കിലെടുത്ത് ജില്ലാബാങ്കിനെ ലയിപ്പിക്കാമെന്ന ഭേദഗതി 2021-ൽ കൊണ്ടുവന്നത്.
Content Highlights: Malappuram district co-operative bank Kerala Bank RBI


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..