പ്രതീകാത്മക ചിത്രം | Photo: gettyimages.in
കൊച്ചി: കഴിഞ്ഞ നാലുമാസത്തിനിടെ മലയാളസിനിമയ്ക്ക് സംഭവിച്ചത് 200 കോടി രൂപയുടെ നഷ്ടം. 75 ചിത്രങ്ങളിറങ്ങിയെങ്കിലും തിയേറ്ററിൽ വിജയമായത് ഒരെണ്ണം മാത്രം. എന്നിട്ടും ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമകൾ 30. തുടങ്ങാൻ കാത്തിരിക്കുന്നത് 38.
ഒരു സിനിമയുടെ മുതൽമുടക്ക് ഏറ്റവും കുറഞ്ഞത് നാലുകോടിയായി കണക്കുകൂട്ടിയാൽ, അനിശ്ചിതത്വംനിറഞ്ഞ സിനിമാമേഖലയിലേക്ക് വരുംനാളുകളിൽ നിക്ഷേപിക്കപ്പെടുന്നത് 272 കോടി രൂപ. ഇപ്പോഴത്തെ അവസ്ഥയിലാണെങ്കിൽ വർഷാവസാന കണക്കെടുപ്പിൽ ഉണ്ടാകാനിടയുള്ള സഞ്ചിതനഷ്ടം ഏതാണ്ട് 500 കോടിയിലധികം.
സിനിമയെന്ന ലോട്ടറി
: ലാഭംകിട്ടുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും നിർമാതാക്കൾ സിനിമയിലേക്ക് കടന്നുവരുന്നത്? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിന് കൃത്യമായ ഉത്തരമുണ്ട്: ‘‘ഇത് ലോട്ടറിപോലെയുള്ള ഭാഗ്യപരീക്ഷണമായാണ് പലരും കാണുന്നത്. അടിച്ചാൽ കോടികൾ പോക്കറ്റിലെത്തും എന്നാണ് കണക്കുകൂട്ടൽ.
പണ്ടൊക്കെ 50 ദിവസം കഴിയുമ്പോഴായിരുന്നു സി ക്ലാസ് തിയേറ്ററുകളിൽ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നത്. ഇപ്പോൾ മൾട്ടിപ്ലക്‌സിൽ റിലീസ് ദിവസംതന്നെ വിജയമാഘോഷിച്ചുള്ള കേക്കുമുറിക്കലാണ്. കോടികൾ നേടിയെന്ന വീരവാദം പിന്നാലെ. ഇതൊക്കെക്കാണുമ്പോൾ എളുപ്പം പണമുണ്ടാക്കാം എന്ന തോന്നലിൽ പടംപിടിക്കാനിറങ്ങുകയാണ് പലരും.’’
ഷൂട്ടിങ് ആരംഭിക്കുന്നതിന് 35 ദിവസം മുമ്പ് നിർമാണക്കമ്പനി ആകെ ബജറ്റും താരങ്ങളുമായുള്ള കരാറുമുൾപ്പെടെയുള്ള വിവരങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫിലിം ചേംബറിലും സമർപ്പിക്കണം. ഇത് വിലയിരുത്തിയശേഷം രണ്ടിടത്തും കൗൺസലിങ്ങും സൂക്ഷ്മപരിശോധനയും ഉണ്ടാകും. സംഭവിക്കാനിടയുള്ള നഷ്ടവും റിസ്‌ക് ഫാക്ടറും എല്ലാം നിർമാതാവിനെ പറഞ്ഞുബോധ്യപ്പെടുത്തും. പക്ഷേ, ഒറ്റയാൾപോലും ഇതുവരെ പിന്തിരിഞ്ഞുപോയിട്ടില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറയുന്നു.
ഒന്നുമറിയാത്ത പണച്ചാക്കുകൾ
: കഴിഞ്ഞദിവസം മലയാളത്തിലെ ഒരു മുതിർന്നസംവിധായകനെ പരിചയപ്പെടാൻ വടക്കൻകേരളത്തിൽനിന്നുള്ള പുതിയനിർമാതാവ് വന്നു. തിരക്കഥ കൈയിലുണ്ട്. ധ്യാൻ ശ്രീനിവാസനെയാണ് നായകനാക്കാൻ ഉദ്ദേശിക്കുന്നത്. ചെലവ് 60 ലക്ഷം. ഷൂട്ടിങ് 15 ദിവസംകൊണ്ട് തീർക്കാമെന്നാണ് തിരക്കഥാകൃത്ത് പറഞ്ഞിരിക്കുന്നത്. സംവിധാനം ചെയ്തുതരണം.
സംവിധായകൻ ചോദിച്ചു: ധ്യാനിന്റെ പ്രതിഫലം എത്രയാണ്?
നിർമാതാവ്: 30 ലക്ഷം. എനിക്ക് 20-ന് ചെയ്തുതരാമെന്ന് പറഞ്ഞിട്ടുണ്ട്.
സംവിധായകൻ: അപ്പോ ബാക്കി 40 ലക്ഷം മതിയോ സിനിമ തീരാൻ?
നിർമാതാവ്: പോരേ?
സംവിധായകൻ: 15 ദിവസംകൊണ്ട് ഷൂട്ടിങ് തീരുമോ?
നിർമാതാവ്: തീരില്ലേ?
ഇതാണ് അവസ്ഥ. ഏതെങ്കിലുമൊരു പണച്ചാക്ക് കുടുങ്ങിയാൽ പിന്നെ താരങ്ങളുടെ അടുത്തേക്ക്. അവർ സമ്മതിച്ചാൽ ഉടൻ തങ്ങൾക്കുള്ളതും താരങ്ങൾക്കുള്ളതുമായ അഡ്വാൻസ് നിർമാതാവിന്റെ പെട്ടിയിൽനിന്ന് ഇറക്കിക്കും. അതോടെ ചുരുങ്ങിയത് ഒരു 60-70 ലക്ഷമെങ്കിലും ചെലവായി കരകയറാനാകാത്തവിധം കയത്തിൽമുങ്ങും, കാശുമുടക്കുന്നയാൾ. ആദ്യംപറഞ്ഞ തുകയൊക്കെ തെറ്റുന്നതോടെ നിർമാതാവ് കടംവാങ്ങാനിറങ്ങും.
പണം ഞാനിറക്കും, സിനിമ നിങ്ങളിറക്കണം
: മുകളിൽ പറഞ്ഞതിന്റെ വിപരീതദിശയിലും സംഭവിക്കുന്നുണ്ട്. സ്വതന്ത്രസംവിധായകനാകാൻ മോഹിച്ചുനടക്കുന്ന യുവസഹസംവിധായകനുമുന്നിൽ ഒരാൾ വെച്ചിരിക്കുന്ന വാഗ്ദാനം തനിക്ക് പരിചയമുള്ളയാളുടെ കഥ സിനിമയാക്കിയാൽ പണംമുടക്കാമെന്നാണ്. ഭാര്യയുടെയും മക്കളുടെയുമെല്ലാം അഭിനയമോഹം സാക്ഷാത്കരിക്കാനായി നിർമാതാവാകുന്നവരുമുണ്ട്.
അപ്പം ചുട്ടെടുക്കുന്നപോലെ സിനിമകൾ നിർമിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് തിയേറ്ററിൽ ആളുകുറഞ്ഞതെന്ന് സിനിമാപ്രവർത്തകർ ഏകസ്വരത്തിൽ പറയുന്നു. നല്ലസിനിമകൾ വരുന്നുണ്ടെങ്കിലും തിയേറ്ററിൽച്ചെന്ന് കാണാൻ പ്രേക്ഷകർ മടിക്കുന്നു. തട്ടിക്കൂട്ട് സിനിമകളുടെ പ്രളയത്തിനിടയിൽ അവയെക്കുറിച്ചും സംശയമുയരുക സ്വാഭാവികം.
Content Highlights: malayalam movie, cinema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..