ഗൃഹനാഥൻ തൂങ്ങിമരിച്ചു; സി.പി.എം. നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പ്


ബാബു, ആത്മഹത്യാക്കുറിപ്പ്

റാന്നി: പെരുനാട്ടിൽ ഗൃഹനാഥനെ വീടിനുസമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബു(68)വാണ് സ്വന്തം റബ്ബർത്തോട്ടത്തിൽ മരിച്ചത്. പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള സി.പി.എം. നേതാക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബാബു എഴുതിയതെന്നുകരുതുന്ന ആത്മഹത്യക്കുറിപ്പിലുണ്ട്.

സ്വന്തം കടയോടുചേർന്നുള്ള പഞ്ചായത്ത് വെയിറ്റിങ് ഷെഡ് മാറ്റിപ്പണിയുന്നതിന് സി.പി.എം. നേതാക്കൾ ലക്ഷങ്ങൾ ആവശ്യപ്പെട്ടതായും പാർട്ടിപ്രവർത്തകൻകൂടിയായ ബാബുവിന്റെ കുറിപ്പിൽ പറയുന്നു. ആരും സഹായിക്കാനില്ലെന്നും ഉപദ്രവിക്കുന്നവർക്ക് സ്വാധീനമുണ്ടെന്നും ബാബു ഇടയ്ക്കിടെ പറയുമായിരുന്നെന്ന് ഭാര്യ കുസുമം അറിയിച്ചു.സി.പി.എം. ജില്ലാകമ്മിറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ്, പഞ്ചായത്തംഗം വിശ്വൻ (ശ്യാം) എന്നിവർ നിരന്തരം ദ്രോഹിച്ചെന്നാണ് കുറിപ്പിലുള്ളത്. എന്നാൽ, ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പാർട്ടിനേതാക്കളുടെ വിശദീകരണം.

ബാബുവിന്റെ വീടിരിക്കുന്ന വസ്തുവിന്റെ അതിർത്തിയിൽ മഠത്തുംമൂഴി വലിയപാലം കവലയിലാണ് വെയിറ്റിങ് ഷെഡുള്ളത്. വെയിറ്റിങ് ഷെഡ് രണ്ടുനിലയാക്കുന്നതിന് പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് ആറുമാസംമുമ്പ് ഇവിടെ രണ്ടരസെന്റ് സ്ഥലം താലൂക്ക് സർവേയറെക്കൊണ്ട് അളന്നുതിരിച്ചിട്ടിരുന്നു. ഇതിനെ ബാബു എതിർത്തു.

വെയിറ്റിങ് ഷെഡ്, താൻ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടയുടെ സമീപത്തുനിന്ന് അല്പംകൂടി മാറ്റിസ്ഥാപിക്കണമെന്ന് ബാബു നേതാക്കളോട് അഭ്യഥിച്ചിരുന്നു. എന്നാൽ, ഇതിന് പഞ്ചായത്ത് പ്രസിഡന്റിന് മൂന്നുലക്ഷം രൂപയും മറ്റുരണ്ടുപേർക്കും ഓരോ ലക്ഷം വീതവും ആവശ്യപ്പെട്ടെന്നും കുറിപ്പിലുണ്ട്. മുമ്പ് സി.പി.എം. മെമ്പറായിരുന്നു ബാബു.

കത്തിലെ കൈയക്ഷരം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കുമെന്ന്‌ പോലീസ് പറഞ്ഞു.

മക്കൾ: അശ്വതി ബാബു, ആരതി ബാബു (ഇരുവരും യു.കെ.). മരുമക്കൾ: അജിത്ത്, അനൂപ് ചന്ദ്രൻ. സംസ്കാരം പിന്നീട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..