കണ്ടൽക്കാട് | ഫോട്ടോ - മാതൃഭൂമി ആർക്കൈവ്‌സ്
തിരുവനന്തപുരം: കണ്ടൽക്കാടുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഇനി അഞ്ചുമടങ്ങ് വനവത്കരണം നടത്താനുള്ള പണം അടച്ചാൽമതി. അഞ്ച് ചതുരശ്ര മീറ്ററിൽ താഴെയുള്ള ചെറിയ തുണ്ടുകളാണ് പണമടച്ച് മാറ്റിസ്ഥാപിക്കാവുന്നത്. സർക്കാരിന്റെ കണ്ടൽ ഭൂബാങ്കിലേക്കാണ് പണം അടയ്ക്കേണ്ടത്. വനംവകുപ്പിനാണ് ഇതിന്റെ മേൽനോട്ടം.
ചെറിയ കണ്ടൽക്കാടുകൾ മാറ്റിസ്ഥാപിക്കുന്നത് അവയുടെ സംയോജിത വളർച്ചയ്ക്കും മത്സ്യ, സസ്യ സമ്പത്തിന്റെ വളർച്ചയ്ക്കും ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. പുനഃസ്ഥാപിക്കേണ്ട കണ്ടൽക്കാടുകളുടെ സ്ഥലവ്യാപ്തി കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി തീരുമാനിക്കും.
കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ച തീരദേശ പരിപാലന പ്ലാനിലാണ് ഈ നിർദേശമുള്ളത്. ചെറിയ കണ്ടൽക്കാടുകൾ നിലനിൽക്കുന്നത് വികസനവും മറ്റും തടസ്സപ്പെടുത്തുന്നെന്ന പരാതിയുയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കണ്ടൽക്കാടുകൾ സ്ഥലംമാറ്റിസ്ഥാപിക്കാൻ അനുമതിനൽകുന്നത്. സി.ആർ.ഇസഡ്. രണ്ട്, മൂന്ന് വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിലെ കണ്ടൽക്കാടുകളാണ് മാറ്റിസ്ഥാപിക്കാവുന്നത്.
കണ്ടൽ സസ്യജാലങ്ങൾക്ക് ചുറ്റുമുള്ള 50 മീറ്റർ ബഫർ സോൺ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മാത്രമാക്കി ചുരുക്കി. 1000 ചതുരശ്രമീറ്ററിലധികം വ്യാപ്തിയിൽ കൂടുതലുള്ള കണ്ടൽ സസ്യങ്ങളുള്ള സ്ഥലങ്ങളിലും ബഫർ സോൺ ബാധകമായിരുന്നു. സ്വകാര്യഭൂമിയിൽ സസ്യങ്ങളുടെ വ്യാപ്തി കണക്കാക്കാതെതന്നെ ബഫർ സോൺ ഒഴിവാക്കാനാണ് തീരുമാനം.
പൊക്കാളി പാടങ്ങളെയും വേലിയേറ്റ സ്വാധീനമുള്ള നീർത്തടങ്ങൾക്ക് കൃഷിഭൂമിയെയും സി.ആർ.ഇസഡ്. രണ്ട്, മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തും. ജനസാന്ദ്രതകൂടിയ തീരദേശപഞ്ചായത്തുകളെ സി.ആർ.ഇസഡ്. രണ്ടിൽനിന്ന് മൂന്നാം വിഭാഗത്തിലേക്ക് മാറ്റും. സംസ്ഥാനത്തെ ദ്വീപുകളുടെ എണ്ണവും തിട്ടപ്പെടുത്തും. വേലിയേറ്റമുള്ള ജലാശയങ്ങളിൽ ലവണാംശം കൂടുന്നത് തടയാൻ റെഗുലേറ്റർ, ബണ്ട്, ചെക്ക് ഡാം എന്നിവ സ്ഥാപിക്കും.
തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിപാലന പ്ലാൻ പരിശോധിച്ച് ഭേദഗതി നിർദേശിക്കാൻ പരിസ്ഥിതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഈ മേഖലയിലെ വിദഗ്‌ധരുമായ പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവർ അംങ്ങളായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
Content Highlights: mangrove forest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..