സഭാകേന്ദ്രങ്ങളെ ഞെട്ടിച്ച് മാർ കരിയിലിന്റെ ’ ബോംബ് ’


മാർ ആന്റണി കരിയിൽ

ആലപ്പുഴ: താൻ രാജിവെക്കാനിടയായ സാഹചര്യങ്ങൾ വിശദീകരിച്ച് സ്ഥാനമൊഴിഞ്ഞ എറണാകുളം-അങ്കമാലി മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ പുറത്തുവിട്ട കത്ത് അസാധാരണവും സഭാകേന്ദ്രങ്ങളെ ഞെട്ടിക്കുന്നതും. സിനഡിൽ നടന്ന കാര്യങ്ങൾകൂടി വെളിപ്പെടുത്തുന്ന കത്ത് വരുംദിവസങ്ങളിൽ വലിയചർച്ചയ്ക്കു വഴിവെക്കുമെന്നുറപ്പ്.

അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ(റെസ്റ്റിറ്റ്യൂഷൻ) കോതമംഗലം കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങൾ സിനഡ് നിർദേശിക്കുന്ന വിലയ്ക്ക്, സിനഡ് പറയുന്ന വ്യക്തികൾക്കു വിൽക്കാൻ തന്നോടു നിർദേശിച്ചെന്ന വെളിപ്പെടുത്തലാണ് ഏറ്റവും സ്ഫോടനാത്മകം. ഭൂമിയിടപാടിൽ മുഴുവൻ പണവും കൈമാറാൻ കഴിയാതെവന്നപ്പോൾ ഈടായി നൽകിയതാണ് കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും. അതിരൂപതയ്ക്കു കിട്ടിയ ഈ സ്ഥലങ്ങൾ വിറ്റ് നഷ്ടപരിഹാരംവേണ്ടെന്ന നിലപാടായിരുന്നു വൈദികർക്ക്. ഇതു വീണ്ടും റിയൽ എസ്റ്റേറ്റ് ഇടപാടാകുമെന്നാണ് അവർ ആരോപിച്ചത്.

അതിരൂപതയിലെ കാനോനിക സമിതികൾക്ക് സിനഡ് നിർദേശം സ്വീകാര്യമല്ലായിരുന്നതിനാൽ വിഷയംപഠിച്ച അതിരൂപത കമ്മിറ്റിയുടെ റിപ്പോർട്ട് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അയച്ചുകൊടുത്തെങ്കിലും അവർ സിനഡ് നിർദേശത്തെ പിന്താങ്ങുകയാണു ചെയ്തതെന്ന് മാർ കരിയിൽ കുറ്റപ്പെടുത്തുന്നു.

റെസ്റ്റിറ്റ്യൂഷനു കാരണമായ സാമ്പത്തികനഷ്ടത്തിന് ഉത്തരവാദികൾ ആരെന്നറിയാനുള്ള അവകാശം അതിരൂപതയ്ക്കുണ്ടെന്നും അതു വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വൈദികർ അപ്പൊസ്തൊലിക് സിഞ്ഞത്തൂരയിൽ(സഭയുടെ ഉന്നത കോടതികളിലൊന്ന്) അപ്പീൽ നൽകിയതായാണു താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വിവാദങ്ങൾ നിലനിൽക്കെയാണു കുർബാനയർപ്പണരീതി ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചതെന്നും മാർ കരിയിൽ ആരോപിക്കുന്നു.

വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് സിനഡ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുമ്പോൾ സിനഡിലെ ചർച്ചകൾ പുറത്താവുകയാണ്. പൗരസ്ത്യ തിരുസംഘത്തിനെതിരേ പരോക്ഷസൂചനകളും കത്തിലുണ്ട്. അതിരൂപതയുടെ നിലപാടുകൾ തള്ളുന്ന തിരുസംഘത്തിന്റെ തീരുമാനത്തിന് മാർപ്പാപ്പയുടെ മുൻകൂട്ടിയുള്ള അംഗീകാരമുണ്ടെന്നു തോന്നുന്നുവെന്നാണ് അപ്പൊസ്തോലിക സിഞ്ഞത്തൂരയിൽ ഫയൽ ചെയ്ത റികോഴ്‌സിന് മറുപടി ലഭിച്ചത്.

’തോന്നുന്നു’ എന്ന പ്രയോഗത്തിലെ അസാധാരണത്വം ചൂണ്ടിക്കാട്ടി വീണ്ടും റികോഴ്‌സ് സമർപ്പിച്ചിട്ടുണ്ടെന്ന് മാർ കരിയിൽ വ്യക്തമാക്കുന്നു. പല കാര്യങ്ങളും മാർപ്പാപ്പയെ ശരിയായ വിധത്തിലാണോ ധരിപ്പിച്ചിട്ടുള്ളതെന്ന സംശയം പൗരസ്ത്യ തിരുസംഘത്തെ അറിയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏകീകരണം അംഗീകരിച്ചുള്ള സംയുക്ത സർക്കുലറിൽ സിനഡ് തന്നെ നിർബന്ധിച്ച് ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമുണ്ട്.

24 മണിക്കൂറിനകം രാജിവെക്കണമെന്ന് അപ്പൊസ്തൊലിക് നുൺഷ്യോ ആവശ്യപ്പെട്ടതും മാർ കരിയിൽ വെളിപ്പെടുത്തുന്നു. പൊന്തിഫിക്കൽ രഹസ്യമായി സൂക്ഷിച്ച കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ അദ്ദേഹം ഇപ്പോൾ പരിയാരം സി.എം.ഐ. ആശ്രമത്തിലാണുള്ളത്. ആർച്ച്ബിഷപ്പ്പദവിയുണ്ട്.

Content Highlights: Mar Antony Kariyil-letter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..