മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര ചങ്ങനാശ്ശേരി നഗരത്തിലെത്തിയപ്പോൾ
ചങ്ങനാശ്ശേരി: നഗരം കണ്ണീരണിഞ്ഞ പകലിൽ വിശ്വാസികൾക്കൊപ്പം പൊതുസമൂഹവും വലിയ ഇടയന് അന്ത്യോപചാരമർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനുവേണ്ടി വിശ്വാസിസമൂഹം പ്രാർഥിച്ചു. തുടർന്ന് അനുസ്മരണബലിയുണ്ടായിരുന്നു.
സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച സംസ്ഥാനസർക്കാരിന്റെ ഔദ്യോഗികബഹുമതികളോടെ നടക്കും. രാവിലെ 9.30-ന് സംസ്കാരശുശ്രൂഷ രണ്ടാംഭാഗം തുടങ്ങും. കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ എന്നിവയുണ്ട്. സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും.
ചെത്തിപ്പുഴ സെയ്‌ന്റ് തോമസ് ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ ആറിന് ഭൗതികദേഹം അതിരൂപതാകേന്ദ്രത്തിലെത്തിച്ചു.
9.30-ന് വിലാപയാത്ര ആരംഭിച്ചു. ബിഷപ്പുമാരായ ജോസഫ് പെരുന്തോട്ടം, ജോർജ് കോച്ചേരി, പോൾ ആലപ്പാട്, ജോസഫ് മുരിക്കൻ, ജോർജ് രാജേന്ദ്രൻ, തോമസ് തറയിൽ, തോമസ് പാടിയത്ത് എന്നിവർ അനുഗമിച്ചു. ചങ്ങനാശ്ശേരി സെൻട്രൽ ജങ്‌ഷനിൽ പൗരാവലി ആദരമർപ്പിച്ചു. പിന്നീട് മെത്രാപ്പൊലീത്തൻ പള്ളിയിൽ പൊതുദർശനത്തിനുവെച്ചു.
മാർ ജോർജ് കോച്ചേരി, തോമസ് മാർ യുസേബിയസ്, ഫാ. ചാൾസ് പൈങ്ങാട്ട്, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, സ്പീക്കർ എ.എൻ.ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ.മാണി, എം.എൽ.എ.മാരായ പി.ജെ.ജോസഫ്, മാണി സി. കാപ്പൻ, അനൂപ് ജേക്കബ്, ജോബ് മൈക്കിൾ, രമേശ് ചെന്നിത്തല, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, പി.ജെ.കുര്യൻ, വി.എം.സുധീരൻ, കെ.വി.തോമസ്, കെ.സി.ജോസഫ്, ഡോ. വർഗീസ് ജോർജ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഡോ. കെ.എസ്.രാധാകൃഷ്ണൻ, ലിജിൻലാൽ, ബി.രാധാകൃഷ്ണമേനോൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
ഉമ്മൻ ചാണ്ടിക്കുവേണ്ടി കെ.സി.ജോസഫും എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാറിനുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസും ആദരാഞ്ജലിയർപ്പിച്ചു.
ഇന്ന് അതിരൂപതാ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല
ചങ്ങനാശ്ശേരി: മാർ ജോസഫ് പവ്വത്തിലിന്റെ സംസ്കാരം നടക്കുന്ന ബുധനാഴ്ച, ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ, പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കും.
ദുഃഖാചരണം
24 വരെ അതിരൂപതയിൽ ദുഃഖാചരണമുണ്ട്. ഏഴാംചരമദിനമായ വെള്ളിയാഴ്ച രാവിലെ 9.30-ന് മെത്രാപ്പൊലീത്തൻ പള്ളിയിൽ കുർബാനയും അനുസ്മരണസമ്മേളനവും നടത്തും.
Content Highlights: mar joseph powathil funeral today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..