വിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതിവേണ്ട; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി


കേരള ഹൈക്കോടതി (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതിവേണ്ടെന്ന് ഹൈക്കോടതി. ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതിവേണമെന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദവും സംഘര്‍ഷവുമെല്ലാം സ്ത്രീയാണ് അഭിമുഖീകരിക്കുന്നത് എന്ന വസ്തുതയും കണക്കിലെടുത്താണിതെന്ന് കോടതി വ്യക്തമാക്കി.

കോട്ടയം സ്വദേശിയായ ഇരുപത്തിയൊന്നുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതിനല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇത് വ്യക്തമാക്കിയത്. പഠനകാലയളവില്‍ ബസ് കണ്ടക്ടറുമായി പ്രണയത്തിലായ പെണ്‍കുട്ടി വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു. പിന്നീട് ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനമാവശ്യപ്പെട്ട് മോശമായി പെരുമാറാന്‍ തുടങ്ങി.ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഗര്‍ഭച്ഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിനെ സമീപിച്ചെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകളൊന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മതിച്ചു.

ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കാഞ്ഞിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കി. തുടര്‍ന്ന് വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച പിന്നിട്ടുവെന്ന് പറഞ്ഞ് വീണ്ടും വിസമ്മതിച്ചു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനാണ് കോടതി പെണ്‍കുട്ടിക്ക് അനുമതിനല്‍കിയിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആശുപത്രി സൂപ്രണ്ട് ഒരു മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തണം. ചികിത്സാനടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതായി പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തണം.

പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കില്‍, ആരോഗ്യമുള്ള കുഞ്ഞായി വളരുന്നതിനാവശ്യമായ മെഡിക്കല്‍ പരിരക്ഷ ആശുപത്രി അധികൃതര്‍ ഒരുക്കണം. ഇങ്ങനെയൊരു സാഹചര്യത്തില്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ പരാതിക്കാരിയായ യുവതി വിസമ്മതിക്കുകയാണെങ്കില്‍ സര്‍ക്കാരും അനുബന്ധ ഏജന്‍സികളും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Content Highlights: married woman does not need her husband's permission to have an abortion- high court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..