പ്രസവം വേനലവധിക്കാലത്ത്, അവധി ജൂൺ മുതൽ; അധ്യാപികമാര്‍ തുക തിരിച്ചടയ്ക്കണം


പി.പി ലിബീഷ്‌കുമാര്‍

2 min read
Read later
Print
Share

കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കണ്ണൂര്‍: വേനലവധിക്കാലത്ത് പ്രസവിച്ച അധ്യാപികമാര്‍ ഈ കാലം പ്രസവാവധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ വാങ്ങിയ ശമ്പളം തിരിച്ചടയ്ക്കേണ്ടിവരും. പ്രസവം അവധിക്കാലത്ത് നടക്കുകയും പ്രസവാവധി ജൂണ്‍ മുതല്‍ എടുക്കുകയും ചെയ്തവരില്‍നിന്നാണ് തുക തിരിച്ചുപിടിക്കുന്നത്. മക്കള്‍ക്കും മക്കളായപ്പോഴാണ് ഒരു അധ്യാപികയ്ക്ക് നോട്ടീസ് വന്നത്. ഒരുദിവസം മുതല്‍ 60 ദിവസം വരെ അധിക അവധിയെടുത്തവര്‍ ഈ കൂട്ടത്തിലുണ്ട്. കുഞ്ഞിനെ നോക്കാനാണെങ്കിലും സര്‍ക്കാരിനെ പറ്റിച്ച് അധിക അവധിയെടുത്ത്, ശമ്പളം കൈപ്പറ്റിയതാണ് പ്രശ്നം.

സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും രേഖകളുടെ പരിശോധന നടന്നു. ഈ കാലയളവില്‍ പ്രസവിച്ചവര്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം. പ്രഥമാധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴി റിപ്പോര്‍ട്ട് നല്‍കി. അവധിക്കാലത്ത് നടന്ന പ്രസവവുമായി ബന്ധപ്പെട്ടുള്ള കണക്ക് നേരത്തേയും ശേഖരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ പ്രസവത്തീയതി മറച്ചുവച്ച് പ്രസവാവധി ലഭിക്കാന്‍ ശ്രമിച്ച കേസുകളിലാണ് ഇപ്പോള്‍ തിരിച്ചടവ് നിര്‍ദേശിച്ചത്.

അവധി പ്രസവദിവസം മുതൽ വേണം

ആറുമാസമാണ് പൂര്‍ണശമ്പളത്തോടെ പ്രസവാവധി ലഭിക്കുക. ആദ്യകാലം അപേക്ഷ മാത്രമാണ് നല്‍കുക. സ്കൂള്‍ മേലധികാരിക്ക് നല്‍കുന്ന അവധിക്കത്തില്‍ പ്രസവത്തീയതി രേഖപ്പെടുത്തണം. പിന്നീട് അതില്‍ വ്യക്തത വന്നു. പ്രസവദിവസം തൊട്ടുതന്നെ പ്രസവാവധി വേണമെന്ന് നിര്‍ദേശിച്ചു. അനുബന്ധമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വെക്കണം. എന്നാല്‍ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. ഈ കൃത്യത വന്നിട്ടും ചിലര്‍ പ്രസവാവധി തുടങ്ങുന്ന തീയതി ജൂണ്‍ മുതല്‍ എഴുതി.

അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രസവിച്ച അധ്യാപികമാരാണ് സ്കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നിന് പ്രസവിച്ചതായി കാണിച്ച് ആ തീയതി മുതല്‍ ആറുമാസം പ്രസവാവധി എടുത്തത്. ഈ വിഷയം പല ജില്ലകളിലും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. അവധിയെടുത്തവര്‍ക്ക് പകരം ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കും. ഇതിന്റെ വേതനവും സര്‍ക്കാര്‍ നല്‍കണം.

തീയതി മാറിയാൽ പണം തിരിച്ചുപിടിക്കും

ഗര്‍ഭിണിയായ ഒരു അധ്യാപിക 2007 ഫെബ്രുവരി 15-ന് സ്കൂളില്‍ വന്ന് പഠിപ്പിച്ചു. രാത്രി പ്രസവവേദന വന്നു. അന്ന്‌ രാത്രി പ്രസവിച്ചു. പിറ്റേദിവസം ശിവരാത്രി. ഫെബ്രുവരി 17-ന് പ്രസവാവധിയുടെ അപേക്ഷ കൊടുത്തു. എന്നാല്‍ ഇപ്പോള്‍ രണ്ടു ദിവസത്തെ (ഫെബ്രുവരി 15, 16) ശമ്പളം തിരിച്ചടക്കാന്‍ നിര്‍ദേശം വന്നു. പ്രസവാവധി നാളില്‍ തന്നെ പ്രസവിക്കണമെന്നാണത്രേ നിര്‍ദേശത്തില്‍ പറയുന്നത്.

ഒരു അധ്യാപിക മാര്‍ച്ച്‌ അവസാനം പ്രസവിച്ചു. ആദ്യം കാഷ്വല്‍ ലീവ് കൊടുത്തു. പിന്നീട് പ്രസവാവധിയും. എന്നാല്‍ പ്രസവാവധി കൊടുത്തത് ജൂണ്‍ ഒന്നിന്. 60 ദിവസത്തിലധികം ദിവസത്തെ തുക ഇവര്‍ തിരിച്ചടയ്ക്കണം.

Content Highlights: Maternity leave summer vacation teachers

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..