ഉഷ വീരേന്ദ്രകുമാർ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ഉഷാ വീരേന്ദ്രകുമാർ (82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന അന്തരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. 2014 ഓഗസ്റ്റ്മുതൽ മാതൃഭൂമി ഡയറക്ടർബോർഡ് അംഗമാണ്.
കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ വെള്ളിയാഴ്ച പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. ചാലപ്പുറത്തെ വീട്ടിലെ പൊതുദർശനത്തിനുശേഷം രാത്രി ഒമ്പതോടെ കല്പറ്റയിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച മൂന്നിന് പുളിയാർമലയിലെ വീട്ടുവളപ്പിൽ.
കർണാടകയിലെ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958-ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്. പതിന്നാലാം വയസ്സിൽ വിവാഹനിശ്ചയവും പതിനെട്ടാം വയസ്സിൽ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു.
ലോകംമുഴുവൻ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി വീരേന്ദ്രകുമാർ പടർന്നുപന്തലിച്ചപ്പോൾ അതിന്റെ വേരായിരുന്നു എല്ലാ അർഥത്തിലും ഉഷ.
മക്കൾ: എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി മാനേജിങ് ഡയറക്ടർ), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ: കവിതാ ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരു), എം.ഡി. ചന്ദ്രനാഥ്.
Content Highlights: mathrubhumi director usha veerendrakumar passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..