മാതൃഭൂമി റിപ്പോർട്ടർക്കും ഫോട്ടോഗ്രാഫർക്കും നേരേ ഗുണ്ടാ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ


2 min read
Read later
Print
Share

മർദനത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരിയിൽനിന്ന് പോലീസ് മൊഴിയെടുക്കുന്നു. പരിക്കേറ്റ സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ സമീപം

കൊല്ലം: വാർത്ത ശേഖരിക്കുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം മാതൃഭൂമി ലേഖകനെയും ഫോട്ടോഗ്രാഫറെയും മർദിച്ചു. സംഭവത്തിൽ മൂന്നുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ്‌ ചെയ്തു. മർദനമേറ്റ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഒരുമണിയോടെ പോളയത്തോട് ശ്മശാനത്തിനു സമീപത്താണ് സംഭവം. അക്രമത്തിനു നേതൃത്വം നൽകിയ വടക്കേവിള കെ.ടി.എൻ.നഗർ മാളികവയൽ അൽത്താഫ് (32), ബന്ധു സെയ്ദലി (25), തിരുനെൽവേലി വെള്ളംകുളി വെള്ളപ്പാണ്ടി സ്വദേശി രാജ (34) എന്നിവരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ്‌ ചെയ്തു.

കൊല്ലം പബ്ലിക് ലൈബ്രറിക്കു മുന്നിലുള്ള റോഡിന്റെ ഫോട്ടോ എടുക്കുന്നതിനിടെ സ്ഥലത്ത് അനധികൃതമായി തട്ടുകട നടത്തുന്ന അൽത്താഫ് ഇവരെ ഭീഷണിപ്പെടുത്തി. റോഡിന്റെ ഫോട്ടോയാണ്‌ എടുത്തതെന്നു പറഞ്ഞപ്പോൾ ഫോട്ടോ കാണിക്കണമെന്നാവശ്യപ്പെട്ട് അസഭ്യം പറഞ്ഞു. തുടർന്ന് ഭീഷണിപ്പെടുത്തി. ഇവിടെനിന്ന് ബൈക്കിൽ പോളയത്തോട്ടിലേക്കു പോയ സുധീറിനെയും അനിലിനെയും അൽത്താഫും മറ്റൊരാളും ആയുധങ്ങളുമായി പിന്തുടർന്നു. വിവരം ഉടൻതന്നെ അനിൽ, കൊല്ലം ഈസ്റ്റ് സി.ഐ.യെ ഫോണിൽവിളിച്ച് അറിയിച്ചു. പോളയത്തോട് ശ്മശാനത്തിനു മുന്നിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് ഹരിതകർമസേനാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ അക്രമികൾ പിന്തുടർന്നെത്തി. രണ്ട് ബൈക്കുകളിലായി എത്തിയ മറ്റു നാലുപേർകൂടി ഇവർക്കൊപ്പമുണ്ടായിരുന്നു. സുധീറിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും ചവിട്ടുകയും ചെയ്തു. ഇത് തടയാനെത്തിയ അനിലിനുനേരേ തിരിഞ്ഞ അക്രമികൾ തലയിലും നെഞ്ചിലും മർദിക്കുകയും ഇടിച്ചുവീഴ്ത്തുകയും ചെയ്തു. മർദനമേറ്റുവീണ അനിൽ ബോധരഹിതനായി.

ഈ സമയം പിങ്ക് പോലീസും ഈസ്റ്റ് പോലീസും സ്ഥലത്തെത്തി. അൽത്താഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഒാടിപ്പോയി. പോലീസ് അനിലിനെയും സുധീറിനെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സെയ്ദലിയെ വീട്ടിൽനിന്നും രാജയെ ചിന്നക്കടയിൽനിന്നും പിന്നീട് അറസ്റ്റ്‌ ചെയ്തു. എ.സി.പി. എ.അഭിലാഷ്, ഈസ്റ്റ് സി.ഐ. അനിൽകുമാർ എന്നിവർ ആശുപത്രിയിലെത്തി വിവരം ശേഖരിച്ചു.

ആക്രമണം പ്രതിഷേധാർഹം-പി.വി.ചന്ദ്രൻ

കോഴിക്കോട്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാതൃഭൂമി റിപ്പോർട്ടർ അനിൽ മുകുന്നേരിക്കും ഫോട്ടോഗ്രാഫർ സുധീർ മോഹനും നേരേയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്ന് മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ കുറ്റപ്പെടുത്തി. കൊല്ലത്തെ ഒരു റോഡിന്റെ ശോച്യാവസ്ഥ ക്യാമറയിൽ പകർത്തുന്നതിനിടെ ഒരു സംഘമാളുകൾ ഇവരെ ഭീഷണിപ്പെടുത്തുകയും തുടർന്ന് അടിച്ചുവീഴ്ത്തുകയുമായിരുന്നു. പത്രപ്രവർത്തകരുടെ ജോലിസ്വാതന്ത്ര്യത്തെ ശാരീരികമായ ആക്രമണത്തിലൂടെ ഇല്ലായ്മചെയ്യാൻ ശ്രമിച്ച കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടു.

നിർഭയമായ മാധ്യമപ്രവർത്തനത്തിനു വിഘാതമുണ്ടാക്കുന്ന ഗുണ്ടകളെ മുഴുവൻപേരെയും അറസ്റ്റ്‌ ചെയ്യണമെന്ന് മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആർ.ജയപ്രസാദ്, ജനറൽ സെക്രട്ടറി സന്തോഷ് വാസുദേവ് എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Mathrubhumi reporter and photographer attacked by gangsters Three people were arrested

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..