എ.എൻ ഷംസീർ, എംബി രാജേഷ് | Photo: മാതൃഭൂമി
തിരുവനന്തപുരം: സി.പി.എം. സെക്രട്ടറിയായി ചുമതലയേറ്റ മന്ത്രി എം.വി. ഗോവിന്ദൻ രാജിവെച്ചു. സ്പീക്കർ എം.ബി. രാജേഷ് പുതിയ മന്ത്രിയാകും. രാജേഷിനു പകരം എ.എൻ. ഷംസീറിനെ സ്പീക്കറാക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയുണ്ടാകും. ആറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തും. അന്നുതന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.
വകുപ്പുകളുടെ കാര്യം തീരുമാനിക്കാൻ സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഗോവിന്ദൻ കൈകാര്യംചെയ്തിരുന്നത് തദ്ദേശം-എക്സൈസ് വകുപ്പുകളാണ്. ഇവ തത്കാലം രാജേഷിന് നൽകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സി.പി.എം. സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. സജി ചെറിയാൻ രാജിവെച്ച ഒഴിവ് നികത്തിയിട്ടില്ല. ഭരണഘടനാ അധിക്ഷേപം നടത്തിയതിന്റെപേരിൽ സജി ചെറിയാനെതിരേയുള്ള നിയമനടപടിയിൽ തീരുമാനമായാൽ അദ്ദേഹത്തിന് മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള സാധ്യത നിലനിർത്തിയിട്ടുണ്ട്.
സ്പീക്കർസ്ഥാനം എം.ബി. രാജേഷ് ശനിയാഴ്ച രാജിവെക്കും. ഡെപ്യൂട്ടി സ്പീക്കർക്കാണ് രാജിക്കത്ത് നൽകേണ്ടത്. പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നിയമസഭയിലാണ് നടക്കേണ്ടത്. അതുവരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനായിരിക്കും ചുമതല. ഒക്ടോബറിലാണ് ഇനി നിയമസഭാസമ്മേളനം നടക്കുക. ഒരുപക്ഷേ, സ്പീക്കർ തിരഞ്ഞെടുപ്പിനായി അതിനുമുമ്പ് പ്രത്യേകസമ്മേളനം വിളിക്കാൻ സാധ്യതയുണ്ട്.
രണ്ടുതവണ പാലക്കാടുനിന്ന് ലോക്‌സഭാംഗമായ രാജേഷ്, നിയമസഭയിലേക്കുള്ള കന്നിജയത്തിൽത്തന്നെ സ്പീക്കറായി. രാഷ്ട്രീയബോധ്യം ഉൾക്കൊണ്ട് പക്വതയോടെ പെരുമാറുന്ന നേതാവെന്ന മികവാണ് രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.
ഗോവിന്ദൻ രാജിവെച്ചതോടെ കണ്ണൂർജില്ലയിൽ മുഖ്യമന്ത്രിയല്ലാതെ മറ്റുമന്ത്രിയില്ല. ഈ പ്രാതിനിധ്യക്കുറവാണ് ഷംസീറിനെ സ്പീക്കറാക്കുന്നതിലൂടെ നികത്തുന്നത്. രണ്ടുതവണയായി തലശ്ശേരിയെ പ്രതിനിധാനംചെയ്യുന്ന ജനപ്രതിനിധിയാണ് ഷംസീർ. നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവാണ് സ്പീക്കർസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനു പിന്നിൽ.
Content Highlights: mb rajesh set to join state cabinet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..