സല്യൂട്ട്... ‘മേജർ’


മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവചരിത്ര സിനിമ കാണാൻ സൈനിക കുടുംബാംഗങ്ങളെത്തി

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സൈനിക ജീവിതം പ്രമേയമായ മേജർ സിനിമയുടെ പ്രത്യേക പ്രദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ കേണൽ ഹമീദ് പുഷ്പാർച്ചന നടത്തുന്നു | Photo: Print

പുലാമന്തോൾ: ഒരു ബയോപിക് സിനിമ കാണാനെത്തിയ കാഴ്ചക്കാരായിരുന്നില്ല അവർ. വർത്തമാനകാല ഇന്ത്യയുടെ വീരനായകരിലൊരാളുടെ കഥ പറഞ്ഞ സിനിമ അവർക്ക് അങ്ങനെ കാണാനുമാവുമായിരുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ‘മേജർ’ എന്ന സിനിമയുടെ ആദ്യ ഷോ കാണാനെത്തിയ സൈനികരും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ ദീപ്തസ്മരണയിൽ നിറഞ്ഞു.

മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയിലെ കരിങ്ങനാട് സിൻഡിക്കേറ്റ് സിനിമാസിലാണ് സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. സന്ദീപിന്റെ കൂടെ കമാൻഡോ ഓപ്പറേഷനിൽ പങ്കെടുത്ത സുബേദാർ മനീഷിന്റെ സാന്നിധ്യം വീരനായകനെക്കുറിച്ചുള്ള ഓർമച്ചിത്രം മിഴിവുള്ളതാക്കി. “ഒരു സിനിമയിൽ മാത്രം ഒതുക്കപ്പെടേണ്ടതല്ല മേജറിന്റെ ജീവിതം. അത് തലമുറകളുടെ പ്രചോദനമായി നില നിൽക്കണം. കമാൻഡിങ് ഓഫീസർ എന്ന നിലയിലും വ്യക്തിജീവിതത്തിലും സൗമ്യമുഖമായിരുന്നു മേജർ”- അദ്ദേഹം പറഞ്ഞു.

മുംബൈയിൽ ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള കമാൻഡോ ഓപ്പറേഷന്റെ ഓരോ നിമിഷവും അദ്ദേഹം കേൾവിക്കാരിൽ ആകാംക്ഷ നിറച്ച് അവതരിപ്പിച്ചു. ചിലപ്പോൾ വൈകാരിക വേലിയേറ്റങ്ങളിൽ പതറി. കാലങ്ങളെ അതിജീവിക്കാനുള്ള ഓർമയായും പ്രചോദനമായും അതു മാറി.

എൻ.എസ്.ജി. എലൈറ്റ് 51 സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പിന്റെ ലീഡറായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. മുംബൈയിലെ താജ് ഹോട്ടലിൽ ഒളിച്ച ഭീകരരെ നേരിടാൻ മേജർ സന്ദീപിന്റെ നേതൃത്വത്തിലുള്ള 10 അംഗ കമാൻഡോസംഘമാണ് പോയത്. ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടന്ന 14 പേരെ മേജർ രക്ഷിച്ചു. മരണം മുന്നിൽക്കണ്ടിട്ടും പതർച്ചയേതുമില്ലാതെ മറ്റൊരു സൈനികനെ രക്ഷിക്കുന്നതിനിടെ അദ്ദേഹത്തിനു വെടിയേൽക്കുകയായിരുന്നു.

ധീരനും രാജ്യസ്‌നേഹിയുമായ ഒരു മനുഷ്യന്റെ സ്വപ്നതുല്യമായ യാഥാർഥ്യങ്ങളുടെ ജീവിതത്തിനോടു നന്ദിപറയാൻ കമാൻഡോകൾ, സൈനിക കുടുംബാംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരെത്തി. എക്‌സ് സർവീസ്‌മെൻ അഖിലേന്ത്യ ലീഗ് വൈസ് പ്രസിഡന്റ് കേണൽ ഹമീദ് ദീപം ജ്വലിപ്പിച്ചു. സന്ദീപിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കേണൽ റോക്ക്, എൻ.സി.സി. ഓഫീസർമാരായ ഭഗവാൻ, ചന്ദ്രമോഹൻ, അവതാർ സിങ്, സജിത്ത് ഞാളൂർ, ടി. യൂനുസ്, ബേബി ഗിരിജ തുടങ്ങിയവർ സംസാരിച്ചു. എല്ലാവരും സിനിമയുടെ ആദ്യപ്രദർശനത്തിൽ കാഴ്ചക്കാരായി. ശശി കിരൺ ടിക്ക സംവിധാനംചെയ്ത മേജറിൽ തെലുങ്ക് നടൻ അദിവി ശേഷ് ആണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്.

Content Highlights: Military family members came to see the biopic of Major Sandeep Unnikrishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..