അരിക്കൊമ്പനെ മാറ്റിയേക്കും, വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും


2 min read
Read later
Print
Share

ചിന്നത്തമ്പി എന്ന ആനയെ പിടികൂടാൻ 2019-ൽ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു

അരിക്കൊമ്പൻ | Photo: Mathrubhumi Library

കൊച്ചി: അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് മാറ്റേണ്ടിവരുമെന്ന നിലപാടിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി. ചൊവ്വാഴ്ച കൊച്ചിയിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് ഇൗ അഭിപ്രായമുയർന്നത്. റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

ആനയുടെ സാഹചര്യങ്ങളും നാട്ടുകാരുടെ അവകാശങ്ങളും പരിഗണിച്ചുള്ള റിപ്പോർട്ടായിരിക്കും നൽകുകയെന്ന് വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു.

ജനാഭിപ്രായത്തിന് പ്രാമുഖ്യം നൽകിയാകും റിപ്പോർട്ട് നൽകുക. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരത്തേ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്നബാധിത മേഖലകളും സന്ദർശിച്ചിരുന്നു. അഞ്ചംഗ സമിതിയിൽ കെ.എഫ്.ആർ.െഎ. മുൻ ഡയറക്ടർ ഡോ. പി.എസ്. ഇൗസ, കോട്ടയം-ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്. ആർ.എസ്. അരുൺ, പ്രോജക്ട്‌ ടൈഗർ സി.സി.എഫ്. എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷ്റഫ്, കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണുള്ളത്. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയത്തിൽ തീരുമാനം എടുക്കുക.

മദ്രാസ്‌ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജോസ് കെ. മാണി

ചിന്നത്തമ്പി എന്ന ആനയെ പിടികൂടാൻ 2019-ൽ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു

കൊച്ചി: അരിക്കൊമ്പനെ പിടിച്ച് ആനക്കൂട്ടിലാക്കണോ മറ്റൊരു കാട്ടിലേക്ക്‌ മാറ്റണോ എന്നത് ഹൈക്കോടതി പരിഗണിക്കാനിരിക്കേ അപകടകാരിയായ ആനയെ പിടികൂടാൻ മദ്രാസ് ഹൈക്കോടതി 2019-ൽ പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ജോസ് കെ. മാണി എം.പി. സത്യവാങ്മൂലം ഫയൽ ചെയ്തു. കോയമ്പത്തൂർ വനമേഖലയിൽനിന്ന് ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ച ചിന്നത്തമ്പി എന്ന ആനയെ പിടികൂടി കൂട്ടിലാക്കാനാണ് മദ്രാസ് ഹൈക്കോടതി അന്ന് ഉത്തരവിട്ടത്.

കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ഉൾപ്പെട്ട മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

ചിന്നത്തമ്പിയെ പിടികൂടി കൂട്ടിലാക്കുന്നത് എതിർത്തും ഹർജിയുണ്ടായിരുന്നു. മറ്റ് കാട്ടിലേക്കു മാറ്റണം എന്നായിരുന്നു അവരുടെയും നിർദേശം. എന്നാൽ, ആനയെ അത്തരത്തിൽ നിയന്ത്രിക്കാനാകില്ലെന്ന് മനസ്സിലായതോടെ അവരും നിലപാട് മാറ്റിയിരുന്നു. തുടർന്നാണ് ചിന്നത്തമ്പിയെ പിടികൂടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

അരിക്കൊമ്പന്റെ കാര്യത്തിലും അത്തരമൊരു തീരുമാനം ഉണ്ടാകണമെന്നാണ് ജോസ് കെ. മാണി ആവശ്യപ്പെടുന്നത്.

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജോസ് കെ. മാണി നേരത്തേ കക്ഷിചേർന്നിരുന്നു.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

Content Highlights: mission arikkomban: expert panel to submit report today

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..