‘കുഞ്ഞ് വെളുത്തിരുന്നാൽ ഞങ്ങളുടേതല്ലാതാകുമോ’; മാതൃത്വം തെളിയിക്കേണ്ടിവന്നത് നാടോടി സ്ത്രീക്ക്‌


By അലീന മേരി സൈമണ്‍

1 min read
Read later
Print
Share

സുജാതയുടെയും കുഞ്ഞിന്റെയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം

തിരുവനന്തപുരം: ‘‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തനിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ. അഞ്ച് മക്കളുണ്ട്. എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികൾ കറുത്തിരിക്കണമെന്നാണോ? ഡി.എൻ.എ. പരിശോധന വേണമെങ്കിലും ചെയ്യാം’’- കുഞ്ഞ് തന്റേതെന്ന് തെളിയിക്കാനായി ആ അമ്മയ്ക്ക് പോലീസിനോട് പറയേണ്ടിവന്ന വാക്കുകളാണിത്. തൊലി നിറത്തിന്റെ പേരിൽ മനുഷ്യരെ അളക്കുന്നവരുടെ മുന്നിൽ പെട്ടുപോയതാണ് ഈ അമ്മയും നാലുമാസംമാത്രം പ്രായമായ പെൺകുഞ്ഞും.

ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം പാറ്റൂരിൽ ചിത്രങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ആന്ധ്രാ സ്വദേശിയായ സുജാതയെ ചിലർ തടഞ്ഞുവെച്ചത്. സുജാതയുടെ കൈയിലിരിക്കുന്ന കുഞ്ഞ് അവരുടേതല്ലെന്നായിരുന്നു ആരോപണം; കുഞ്ഞ് വെളുത്തിട്ടാണത്രേ. പൊരിവെയിൽകൊണ്ട് കരുവാളിച്ച ആ അമ്മ പറഞ്ഞുനോക്കി, ‘ഇതെന്റെ കുഞ്ഞാണ്.’

ഇതിനിടെ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തടഞ്ഞവെച്ചവർ വഞ്ചിയൂർ പോലീസിൽ വിവരവുമറിയിച്ചു. അമ്മയും കുഞ്ഞും നേരെ പോലീസ് സ്റ്റേഷനിലേക്ക്. സുജാത ഭർത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലുമൊക്കെ പേരെഴുതി വിൽക്കുന്നയാളാണ് കരിയപ്പ. കരിയപ്പയെത്തി, മകൾ ജനിച്ച കാലം മുതലേയുള്ള ഫോട്ടോകളും ജനന രേഖയും പോലീസുകാരെ കാണിക്കേണ്ടിവന്നു. പോലീസുകാർക്ക് വിശ്വാസമായി. ഇവരെ വിട്ടയച്ചു.

പേടി തോന്നിയില്ല. പക്ഷേ, സങ്കടമുണ്ടെന്ന് കരിയപ്പ. ആറു വർഷമായി കേരളത്തിലാണ്. ഒരു ആണും നാലു പെൺകുട്ടികളുമുണ്ട്. നാലു മാസം പ്രായമുള്ള ഇളയമകൾക്ക് സംഗീതയെന്നാണ് പേര്. ആ കുഞ്ഞിനെയാണ് മനുഷ്യർ സംശയക്കണ്ണോടെ നോക്കിയത്. ഒന്നുമറിയാതെ കുഞ്ഞുവാവ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ, സങ്കടം വരാതിരിക്കുമോ അച്ഛനുമമ്മയ്ക്കും...

Content Highlights: Mother who had to prove motherhood

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..