കെ.എസ്.ഇ.ബി.ക്കെതിരേ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ നീക്കം


Photo: Mathrubhumi

കൊച്ചി: വൈദ്യുതി ബോർഡിലെ വിവാദ വിഷയങ്ങളിലേക്ക് കേന്ദ്ര അന്വേഷണം കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമാവുന്നു. കെ.എസ്.ഇ.ബി.യിൽ സി.പി.എം. നേതൃത്വം അറിഞ്ഞുകൊണ്ടു നടത്തുന്ന ഇടപെടലുകളിൽ കേന്ദ്രത്തിൽനിന്നുള്ള വകുപ്പുതല അന്വേഷണങ്ങൾക്കൊപ്പം കേന്ദ്ര ഏജൻസികളെക്കൂടി കൊണ്ടുവരാനാണ് ശ്രമങ്ങൾ.

കെ.എസ്.ഇ.ബി.യിലെ ഓഫീസേഴ്‌സ് സംഘ് ആണ് വിഷയങ്ങൾ കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവന്ന് നടപടികൾ ആവശ്യപ്പെടുന്നത്. വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യമാണ് സംഘ് ഇപ്പോൾ കേന്ദ്രത്തിനു മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിനെ മറികടന്ന് കേന്ദ്രത്തിന് നേരിട്ട് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കാൻ കഴിയില്ല. സി.ബി.ഐ. അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് സംഘടിപ്പിക്കാനാണ് ഓഫീസേഴ്‌സ് സംഘ് ആലോചിക്കുന്നത്.

സാമ്പത്തിക ആരോപണങ്ങൾ കൂടി ഉള്ളതിനാൽ കെ.എസ്.ഇ.ബി.യിലേക്ക് ഇ.ഡി.യെ കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്.

ദീർഘകാല കരാറുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിലെ അനാരോഗ്യകരമായ കാര്യങ്ങൾ എടുത്തുപറഞ്ഞ്, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് മുൻ ചെയർമാൻ കെ.എസ്.ഇ.ബി.യുടെ പടിയിറങ്ങിയത്. അദ്ദേഹം സർക്കാരിനു നൽകിയ കത്തിൽ ഇടപാടുമായി ബന്ധപ്പെട്ട് ഓഫീസേഴ്‌സ് അസോസിയേഷന്റെ മുൻ നേതാവിനെ പേരെടുത്തുതന്നെ കുറ്റപ്പെടുത്തുന്നുണ്ട്. ചെയർമാന്റെ ഭാഗത്തുനിന്നുതന്നെ ഇത്തരമൊരു പരാമർശം വന്ന സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവുമായാണ് ഒാഫീസേഴ്സ് സംഘ് കോടതിയിൽ പോകുന്നത്. പവർ പർച്ചേസ് കരാർ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് മുൻ ഊർജവകുപ്പ് സെക്രട്ടറി മന്ത്രിക്ക്് കത്തെഴുതിയിരുന്നു. അതിനുപിന്നിലും രാഷ്ട്രീയ സമ്മർദമാണെന്ന ആരോപണമാണ് ഉയരുന്നത്.

കെ.എസ്.ഇ.ബി. െറഗുലേറ്ററി കമ്മിഷൻ ടെക്‌നിക്കൽ അംഗമായി ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ നേതാവിനെ കൊണ്ടുവരാനുള്ള സി.പി.എം. നീക്കത്തെ ചെറുക്കാൻ കേന്ദ്രത്തിൽനിന്ന് വകുപ്പുതലത്തിൽ ഇടപെടൽ നടത്താൻ ഓഫീസേഴ്‌സ് സംഘിന് സാധിച്ചിരുന്നു. ടെക്‌നിക്കൽ അംഗ നിയമനത്തിനായി ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ നേതാവിനെ ഉൾപ്പെടുത്തി അഞ്ചംഗ ചുരുക്കപ്പട്ടിക തയ്യാറാക്കിയതിനെതിരേ കേന്ദ്ര ഊർജ വകുപ്പ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഉദ്യോഗാർഥികളിൽനിന്നുള്ള അപേക്ഷയിൽ ക്രമവിരുദ്ധമായി അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് സഹകരിച്ച കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ പ്രതിനിധിയെ സ്ഥാനത്തുനിന്ന് ഒഴിവാക്കാനും ഓഫീസേഴ്‌സ് സംഘിന്റെ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..