സഹതടവുകാരനെ ആക്രമിക്കാൻ മുഹമ്മദ് നിഷാം ക്വട്ടേഷൻ നൽകിയെന്ന് കേസ്


മുഹമ്മദ് നിഷാം

തിരുവനന്തപുരം: ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബാബുവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരേ വീണ്ടും കേസ്. പൂജപ്പുര സെൻട്രൽ ജയിലിലെ സഹതടവുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിലാണ് കേസ്. ജയിൽ സന്ദർശനവേളയിൽ ജില്ലാജഡ്ജി മുമ്പാകെ കരകുളം സ്വദേശി നസീറെന്ന തടവുകാരൻ നൽകിയ പരാതിയിലാണ് പൂജപ്പുര പോലീസ് നിഷാമിനും കൊലുസു ബിനുവെന്ന തടവുകാരനുമെതിരേ കേസെടുത്തത്.

നസീറിന്റെ കാലിൽ ബിനു രണ്ട് മാസം മുൻപ്‌ ചൂടുവെള്ളമൊഴിച്ചു. നസീറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജൂൺ 24-നാണ് സംഭവമെന്നാണ് നസീറിന്റെ മൊഴി. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയായ നസീർ. നിഷാമിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് ബിനു നസീറിന്റെ കാലിൽ ചൂടുവെള്ളമൊഴിച്ചതെന്നാണ് ഇപ്പോഴത്തെ പരാതി. എന്നാൽ, ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്നാണ് പൊള്ളലേറ്റ സമയത്ത് നസീർ പറഞ്ഞത്. ഇത് ബിനുവിന്റെ കൈയിൽ നിന്നും അബദ്ധത്തിന് സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയതെന്നാണ് നസീർ പറയുന്നത്.

കഴിഞ്ഞയാഴ്ച അയ്യപ്പൻ എന്ന മറ്റൊരു പ്രതിയും നിഷാമുമായി തർക്കമുണ്ടായിരുന്നു. നസീറിനെ ആക്രമിക്കാനുള്ള ക്വട്ടേഷനെ സംബന്ധിച്ചായിരുന്നു തർക്കം. ഇതാണ് നിഷാമിന്റെ അടുപ്പക്കാരനായ ബിനു മനപ്പൂർവം ആക്രമിച്ചതാണെന്ന പരാതി നൽകാൻ കാരണം. നിഷാമും നസീറുമായി ചില തർക്കങ്ങളുണ്ടായിരുന്നതായും പോലീസിന് സംശയമുണ്ട്. ജയിലിൽ അനധികൃത സൗകര്യങ്ങളൊരുക്കാൻ മേസ്തിരിയായ നസീർ നിഷാമിൽ നിന്നും പണം പറ്റിയത് സംബന്ധിച്ചാണ് തർക്കമെന്നാണ് സൂചന. നസീറിന്റെ പരാതിയിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായിരുന്ന നിഷാമിനെ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതായ രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Content Highlights: muhammed nisham-quotation-fellow prisoner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..