എം.കെ. മുനീർ, പി.എം.എ. സലാം | Photo: Mathrubhumi
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയായി പി.എം.എ. വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിൽ നിർണായകമായത് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പിന്തുണ. അതിലേക്കു നയിച്ചതാകട്ടെ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ വരുമെന്ന ആശങ്കയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കരുനീക്കങ്ങളും.
സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമ്പോൾ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുവന്നത് ആ ചുമതല വഹിക്കുന്ന സലാമിന്റെ പേരായിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ എം.കെ. മുനീറിനുവേണ്ടി കെ.എം. ഷാജി, കെ.പി.എ. മജീദ്, ടി.എ. അഹമ്മദ് കബീർ, പി.എം. സാദിഖലി തുടങ്ങിയ നേതാക്കളും കോഴിക്കോട് ജില്ലാകമ്മിറ്റിയും രംഗത്തുവന്നു. ചുമതല ഏറ്റെടുക്കാൻ മുനീറും സന്നദ്ധത അറിയിച്ചു. അതോടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ആകാംക്ഷ നിറഞ്ഞു. ശനിയാഴ്‌ച സംസ്ഥാന കൗൺസിലിന് മുൻപും യോഗത്തിനിടയിലും സമവായ ചർച്ചകളുമുണ്ടായി.
സലാം തുടരട്ടെ എന്നായിരുന്നു തുടക്കംമുതൽ ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ പിന്തുണയും സലാമിനായിരുന്നു. അംഗത്വ കാമ്പയിനടക്കമുള്ള സംഘടനാകാര്യങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിച്ചതും ഗുണമായി. സാദിഖലി തങ്ങൾക്കും സലാം സ്വീകാര്യനായിരുന്നു. എന്നാൽ, എം.കെ. മുനീറിന്റെ പേര് വന്നതോടെ തങ്ങൾ നേതാക്കളുമായും ജില്ലാകമ്മിറ്റി ഭാരവാഹികളുമായും പലതവണ ആശയവിനിമയം നടത്തി. അതിനിടെ, മുനീർ ട്രഷററാകട്ടെ എന്നും നിർദേശമുണ്ടായി.
എന്നാൽ, സാദിഖലി തങ്ങൾ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും ട്രഷറർ ഉൾപ്പെടെയുള്ള ഭാരവാഹിത്വത്തിലേക്കില്ലെന്നും മുനീർ വ്യക്തമാക്കി. അതോടെയാണ് പി.എം.എ. സലാമിന് നറുക്കുവീണത്. സംസ്ഥാന പ്രസിഡന്റ് മലപ്പുറത്തും ജനറൽസെക്രട്ടറി കോഴിക്കോട്ടുമായാൽ അടിയന്തരഘട്ടങ്ങളിലുള്ള ഇടപെടലുകളിൽ കല്ലുകടിയുണ്ടാകുമെന്ന ആശങ്കയും സലാമിന് ഗുണമായി. ഭാരവാഹി പട്ടികയിൽ താൻ നിർദേശിച്ച കൂടുതൽപേരെ ഉൾക്കൊള്ളിച്ച് പാർട്ടിയിൽ ശക്തനായിത്തന്നെ തുടരുന്നുവെന്ന സന്ദേശം നൽകാൻ കുഞ്ഞാലിക്കുട്ടിക്കും കഴിഞ്ഞു.
Content Highlights: muslim league general secretary pma salam mk muneer pk kunjalikutty Sadiq Ali Shihab Thangal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..