പ്രതീകാത്മകചിത്രം| Photo: Mathrubhumi
കല്പറ്റ: സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത കോടിക്കണക്കിനു രൂപയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. 2021-ല്‍ തുടങ്ങിയ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. വനംവകുപ്പിന്റെ തുടര്‍നടപടികളും ഒട്ടും വേഗത്തിലല്ല.
പിടിച്ചെടുത്ത മരം സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കുപ്പാടിയിലെ ഫോറസ്റ്റ് ഡിപ്പോയില്‍ മഴയും വെയിലുംകൊണ്ട് നശിക്കുകയാണ്. പ്രതികള്‍ക്കെതിരേ റവന്യൂവകുപ്പിന് കേരള ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കാമെങ്കിലും അതും ഉണ്ടായില്ല.
കോടതി ഉത്തരവുള്ളതിനാല്‍ മരങ്ങള്‍ ലേലംചെയ്ത് വില്‍ക്കാനാവുന്നില്ല. ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. മരംമുറിക്കേസില്‍ പ്രതികളായവരെയും ആരോപണം നേരിട്ട ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് തുടക്കത്തിലേ സ്വീകരിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ മെല്ലെപ്പോക്കെന്നാണ് പ്രധാന ആക്ഷേപം.
വാഴവറ്റ മുങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍, സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവരാണ് മുഖ്യസൂത്രധാരന്‍മാരും.
മരംമുറി കണ്ടെത്തിയതുമുതല്‍ കേസിന്റെ ഓരോ ഘട്ടത്തിലും വീഴ്ചയുണ്ടായതായി അന്നത്തെ ജില്ലാ ഗവ. പ്‌ളീഡറായിരുന്ന അഡ്വ. ജോസഫ് മാത്യു പറയുന്നു. മരംമുറിക്കെതിരേ ആദ്യം പരാതി നല്‍കിയ ആളുടെ മൊഴിപോലും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, മരത്തിന്റെ പ്രായം കണക്കാക്കുന്നതിനുള്ള പ്ലാന്റ് ഡി.എന്‍.എ. റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കേസില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഉത്തരമേഖലാ സി.സി.എഫ്. കെ.എസ്. ദീപ പറയുന്നു.
എ.ഡി.ജി.പി. എസ്. ശ്രീജിത് തലവനായാണ് അന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി ചുമതലയേല്‍ക്കുകയും സംഘത്തില്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറിപ്പോവുകയും ചെയ്തതോടെ അന്വേഷണം നിലച്ചു.
പിന്നീട് 2021 ഒക്ടോബറില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിക്ക് വീണ്ടും ചുമതല നല്‍കി അന്വേഷണം പുനരാരംഭിച്ചു.
വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനാണ് ഈ കേസില്‍ ആരോപണം നേരിട്ട പ്രധാന ഉദ്യോഗസ്ഥന്‍. പിന്നീട് സംഭവത്തില്‍ പുനരന്വേഷണം തുടങ്ങിയപ്പോള്‍ സാജനനെതിരായ നടപടി തടഞ്ഞു.
Content Highlights: muttil tree felling case, even after two years no charge sheet was filed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..