ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് സി.പി.എം.


പണത്തിന്റെ അഹങ്കാരത്തിൽ കളിേക്കണ്ടാ -ജയരാജൻ

എം.വി ജയരാജൻ

കണ്ണൂർ: ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ. നേതാവ് മനു തോമസിനെതിരെ ക്വട്ടേഷൻ സംഘത്തോട് അടുപ്പമുള്ളവർ നടത്തുന്ന സൈബർ അപവാദപ്രചാരണവും ഭീഷണിയും സി.പി.എം. ഗൗരവമായി കാണുന്നു. പലതും വിളിച്ചുപറയുമെന്ന് പോസ്റ്റിടുന്ന അർജുൻ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയുടെയും ഭീഷണി അവഗണിക്കാനാണ് പാർട്ടിതീരുമാനം.

ഇത്തരം ക്വട്ടേഷൻ സംഘം ചെയ്യുന്നത് തോന്ന്യാസമാണെന്നും മാനസികനില തെറ്റിയ ഇക്കൂട്ടർ പണംകൊണ്ട് അഹങ്കരിക്കുകയാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. അതേസമയം അർജുൻ ആയങ്കി ബുധനാഴ്ചയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, എതെങ്കിലും വ്യക്തിയല്ല പ്രസ്ഥാനമെന്നും ഒരു വ്യക്തിക്ക് നേരേയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്കുനേരേയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ലെന്നും മനു തോമസിനെ ഉദ്ദേശിച്ച്‌ പറഞ്ഞു. ആദർശധീരനെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്നും പോസ്റ്റിൽ കുറിക്കുന്നു. തന്നെക്കൊണ്ട് അധികമൊന്നും പറയിപ്പിക്കരുതെന്നും തുറന്നു പറഞ്ഞാൽ പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ഡി.വൈ.എഫ്.ഐ. മറുപടി പറയേണ്ടിവരുമെന്നായിരുന്നു അർജുൻ ആയങ്കിയുടെ നേരത്തേയുള്ള കുറിപ്പ്. അധോലോകത്തെ അതിഥികളായ നേതാക്കളുടെ പേര് വെളിപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പും ഇക്കൂട്ടർ നൽകുന്നു.

പാർട്ടിയിലെ ചില നേതാക്കൾക്കൊപ്പം സെൽഫിയെടുത്ത്, അത് സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പാർട്ടി അനുഭാവികളുടെ സൗഹൃദം നേടിയെടുത്തവരാണ് ഇത്തരം ക്വട്ടേഷൻ സംഘമെന്ന് പാർട്ടി കരുതുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലക്കേസിൽ പ്രതിയായതോടെയാണ് ആകാശ് തില്ലങ്കേരി പാർട്ടിക്ക് തലവേദനയായത്. സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെ അർജുൻ ആയങ്കിയും പ്രശ്നമായി. ഇവരെ പാർട്ടി തള്ളിപ്പറയുകയും ചെയ്തു.

ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കഴിഞ്ഞദിവസം പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് പ്രശ്നം ചൂടുപിടിച്ചത്. അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ ലക്ഷ്യംവെച്ചാണ് പരാതി. ഇവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഡി.വൈ.എഫ്‌.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ എസ്.പി.ക്ക് പരാതി നൽകിയത്. വിരട്ടൽ വേണ്ട. സംഘടനയെ മറയാക്കി സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും ഇനി നടക്കില്ല. അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും മനു തോമസ് മറുപടി നൽകി. സാമൂഹികമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനാണ് പി.ജയരാജന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പോസ്റ്റിടുന്നത്. ആർ.എസ്.എസ്. സംഘവുമായി ബന്ധമുള്ള ക്രിമിനൽ സംഘങ്ങളായ കൊടും കുറ്റവാളികളാണ് ഇവരെന്നെും മനു തോമസ് പറഞ്ഞിരുന്നു. എല്ലാം തുറന്നുപറയുമെന്ന് ഭീഷണിപ്പെടുത്തുന്ന ആയങ്കിയോട് പറയാനുള്ളത് തുറന്നുപറയണമെന്നാണ് മനു തോമസിന്റെ മറുപടി.

സാമൂഹികമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനാണ് പി.ജയരാജനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. പി.ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തിത്തീർക്കുകയാണ് ഇവരുടെ ലക്ഷ്യം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മനു തോമസ് പോസ്റ്റിട്ടു. സംഭവം നിയന്ത്രണം വിടുമെന്ന്് വന്ന സ്ഥിതിയിലാണ് എം.വി.ജയരാജന്റെ ഇടപെടൽ.

Content Highlights: MV Jayarajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..