എൻ.കെ. പ്രേമചന്ദ്രൻ, കെ.എൻ ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: ലോക്‌സഭയിലെ തന്റെ ചോദ്യം സംബന്ധിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
ഐ.ജി.എസ്.ടി. അഥവാ അന്തസ്സംസ്ഥാന വിൽപ്പനയിൽ ഈടാക്കുന്ന നികുതിസംബന്ധിച്ച ചോദ്യമാണ് ഉന്നയിച്ചത്. എന്നാൽ, ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന വിഷയമാണ് ഉന്നയിച്ചതെന്ന തെറ്റായകാര്യം പ്രചരിപ്പിക്കുകയായിരുന്നു ബാലഗോപാൽ.
കേരളത്തിന് ഐ.ജി.എസ്.ടി. ഇനത്തിൽ 5000 കോടി രൂപവരെ പ്രതിവർഷം നഷ്ടമാകുന്നെന്ന എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം, കേന്ദ്രം സംസ്ഥാനങ്ങൾക്കായി ഐ.ജി.എസ്.ടി. നൽകുന്നതിൽ വിവേചനം കാണിക്കുന്നെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കണ്ടെത്തൽ, സംസ്ഥാനത്തിന് അർഹതപ്പെട്ട ജി.എസ്.ടി. വിഹിതം നൽകുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുന്നെന്ന ആരോപണം എന്നിവയിൽ വ്യക്തതവരുത്തി സംസ്ഥാനത്തിന് അർഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് താൻ നടത്തിയത്.
ഇതിന് ഉത്തരമായാണ് കേന്ദ്ര ധനമന്ത്രി കേരളം 2017 മുതൽ എ.ജി. സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടുകൾ നൽകുന്നില്ലെന്നുപറഞ്ഞിരിക്കുന്നത്. 14 ശതമാനം നികുതിവളർച്ച കൈവരിക്കാത്ത സാഹചര്യത്തിലാണ് ജി.എസ്.ടി. നഷ്ടപരിഹാരം അനുവദിക്കുന്നത്. വളർച്ചാനിരക്ക് 20 ശതമാനത്തിൽ കൂടുതലാണെന്ന് സംസ്ഥാനസർക്കാർ അവകാശപ്പെടുമ്പോൾ 14 ശതമാനംവരെയുള്ളതിനുള്ള നഷ്ടപരിഹാരം ഇപ്പോൾ ആവശ്യപ്പെടുന്നതിലെ അപ്രായോഗികത ചിന്തിക്കണം. സംയോജിത ചരക്ക്-സേവന നികുതി ഇനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ, ഇല്ലെങ്കിൽ കാരണമെന്തെന്നുൾപ്പടെയുള്ള ചോദ്യങ്ങൾക്ക് ബാലഗോപാൽ മറുപടി നൽകണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Content Highlights: kerala, n k premachandran, k n balagopal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..