നീനാ പ്രസാദിന്റെ നൃത്തപരിപാടി പോലീസിടപെട്ട് നിർത്തി; അപമാനിക്കപ്പെട്ടതായി തോന്നിയെന്ന് നര്‍ത്തകി


ജില്ലാ ജഡ്‌ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതാണ് കാരണമെന്ന് നർത്തകി

നീനാ പ്രസാദ് | File Photo - Mathrubhumi archives

പാലക്കാട്: മോയൻ എൽ.പി. സ്കൂളിൽനടന്ന തന്റെ മോഹിനിയാട്ടക്കച്ചേരി പോലീസിടപെട്ട് നിർത്തിപ്പിച്ചതായി നർത്തകി നീനാ പ്രസാദ്. സ്കൂളിന് തൊട്ടുപിന്നിൽ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ നിർദേശപ്രകാരമാണിതെന്നാരോപിച്ച് നീനാ പ്രസാദ് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടു.

സാംസ്കാരിക പരിപാടിയുടെ ഭാഗമായി, ശനിയാഴ്ച സന്ധ്യക്കുനടന്ന മോഹിനിയാട്ടക്കച്ചേരി ആരംഭിച്ച് അല്പസമയത്തിനകംതന്നെ നിർത്തിവെപ്പിക്കുകയായിരുന്നു. ഇത് അവഹേളനമാണെന്നു കാണിച്ചാണ് സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ‘ഇന്നലെ ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയിൽ എനിക്കുണ്ടായി’ എന്ന മുഖവുരയോടെയാണ് സാമൂഹികമാധ്യമത്തിലൂടെ നീനാ പ്രസാദ് വിഷയം പങ്കുവെച്ചത്. പരിപാടി തുടങ്ങി അല്പസമയമാവുമ്പോഴേക്കും പോലീസെത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും ഒരു സ്ത്രീയെന്നനിലയിലും കലാകാരിയെന്നനിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന്‌ തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിർത്താൻ പോലീസ് ആവശ്യപ്പെട്ടതെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാൽ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാ പ്രസാദ് പറഞ്ഞു.

എട്ടരയോടെ പോലീസെത്തി നിർബന്ധംപിടിച്ച്‌ പരിപാടി നിർത്തിപ്പിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു. സംസ്കാരത്തിന്റെയും മതേതരജനാധിപത്യത്തിന്റെയും മാധ്യമമായ കലാരൂപങ്ങൾക്കെതിരായ നീക്കം ഉണ്ടാകാൻ അനുവദിക്കരുതെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Neena Prasad Mohiniyattam Palakkad Police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..