Photo: Mathrubhumi
തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ എട്ട് ഉദ്യോഗസ്ഥരുടെ പട്ടിക ഈയാഴ്ച കേന്ദ്രത്തിന് സമർപ്പിക്കും. സംസ്ഥാനത്തുള്ള അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരുടെയും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെയും പേരുകളാണ് സമർപ്പിക്കുക.
സംസ്ഥാനം സമർപ്പിക്കുന്ന പട്ടികയിൽനിന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ തയ്യാറാക്കിയ പാനൽ സംസ്ഥാനത്തിന് നൽകും. ഇതിൽനിന്ന് ഒരാളെ സർക്കാരിന് പോലീസ് മേധാവിയാക്കാം. ജൂൺ 30-ന് നിലവിലെ പോലീസ് മേധാവി അനിൽ കാന്ത് വിരമിക്കും.
പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. കെ. പത്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഡോ. ഷേക്ക് ദർവേശ് സാഹേബ്, ഇന്റലിജൻസ് എ.ഡി.ജി.പി. ടി.കെ വിനോദ് കുമാർ, കോസ്റ്റൽ പോലീസ് എ.ഡി.ജി.പി. സഞ്ജീബ് കുമാർ പട്‌ജോഷി, ബിവറേജസ് കോർപ്പറേഷൻ എം.ഡി. യോഗേഷ് ഗുപ്ത, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സി.ആർ.പി.എഫ്. സ്പെഷ്യൽ ഡയറക്ടർ നിഥിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർമാരായ ഹരിനാഥ് മിശ്ര, റവാഡ ചന്ദ്രശേഖർ എന്നിവരുടെയും പേരുകളാണ് കേന്ദ്രത്തിന് സമർപ്പിക്കുന്നത്.
വിരമിക്കാൻ ആറുമാസത്തിൽ താഴെമാത്രം കാലാവധിയുള്ള മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പി. ടോമിൻ തച്ചങ്കരി, അഗ്നിരക്ഷാവിഭാഗം മേധാവി ഡോ. ബി. സന്ധ്യ, എക്‌സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുടെ നേതൃത്വം വഹിക്കുന്ന അരുൺകുമാർ സിൻഹ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
യു.പി.എസ്.സി. ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങിയ സമിതിയാണ് കേരളത്തിൽനിന്നുള്ള പട്ടിക പരിശോധിച്ച് പോലീസ് മേധാവി പാനൽ തയ്യാറാക്കി സംസ്ഥാനത്തിന് കൈമാറുക. കേരളത്തിൽനിന്നുള്ള പട്ടികയിലുള്ളവരെല്ലാം രണ്ടുവർഷമോ അതിൽകൂടുതലോ സർവീസുള്ളവരാണ്.
Content Highlights: New police chief Kerala UPSE
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..