ഓർഡിനറി ബസുകൾ സിംഗിൾ ഡ്യൂട്ടിയിലേക്ക്; കെ.എസ്.ആർ.ടി.സി.യിൽ ചെലവ് കുറയ്ക്കാൻ പുതിയവഴി


Caption

തിരുവനന്തപുരം: ശമ്പളച്ചെലവ് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി.യുടെ 2400 ഓർഡിനറി ബസുകളും സിംഗിൾഡ്യൂട്ടി സംവിധാനത്തിലേക്ക് മാറ്റാൻ നീക്കം. 250 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന് സമർപ്പിച്ച രക്ഷാപാക്കേജിലാണ് ഡ്യൂട്ടി ക്രമീകരണത്തിലൂടെ മാസം 39 കോടി രൂപ നേടാമെന്ന് വിശദീകരിക്കുന്നത്. ജീവനക്കാർ ആഴ്ചയിൽ ആറുദിവസവും ജോലിക്കെത്തേണ്ടിവരും.

ഓർഡിനറി ബസുകളിൽ ഡബിൾ, ഒന്നര ഡ്യൂട്ടി സംവിധാനമാണുള്ളത്. ഒരുദിവസം ജോലിക്കു വരുന്നവർ അടുത്ത ദിവസം എത്തേണ്ടതില്ല. ഇതിനുപകരം എട്ടുമണിക്കൂർ ഡ്യൂട്ടിയും അധികജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് ഇരട്ടി വേതനവും നൽകാനാണ് പദ്ധതി. തുടർദിവസങ്ങളിൽ ജോലിചെയ്യുന്നതിനോടുള്ള എതിർപ്പ് ഒഴിവാക്കാൻ ഒരുദിവസം 12 മണിക്കൂർ ജോലിചെയ്യുന്നവരെ അടുത്തദിവസം എട്ടുമണിക്കൂർ ഷെഡ്യൂളിൽ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.

ഉദാഹരണത്തിന് 39 ഷെഡ്യൂളുകളുള്ള യൂണിറ്റിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം വന്നാൽ 62 ഷെഡ്യൂളായി മാറും. നിലവിലുള്ള ബസുകളും ജീവനക്കാരെയുംകൊണ്ട് കൂടുതൽ ട്രിപ്പുകൾ ഓടിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ബസുകളുടെ പ്രതിദിന ഓട്ടം 231 കിലോമീറ്ററിൽ നിന്ന് 310 ആവും. ഇപ്പോൾ 134 കിലോമീറ്റർ ശരാശരി ജോലി എന്നത് 165 ആവും. ഇതിലൂടെ 14 കോടി അധികവരുമാനം നേടാം. ഒരു ബസിന് 4.56 ജീവനക്കാരുള്ളത് 2.68 ആയി ചുരുക്കാം. അധികമുള്ളവരെക്കൊണ്ട് കൂടുതൽ ബസുകൾ ഓടിക്കുന്നതിലൂടെ 25 കോടി രൂപയും ലക്ഷ്യമിടുന്നു. വാഹന ഉപയോഗം 71 ശതമാനത്തിൽനിന്ന്‌ 91 ആയി ഉയർത്താം. നിലവിലുള്ള ജീവനക്കാരെ പരമാവധി ഉപയോഗിക്കാനാണ് നീക്കം. ജീവനക്കാരിൽ ശക്തമായ എതിർപ്പുണ്ടാകാനിടയുള്ള നിർദേശങ്ങളാണിവ.

മോട്ടോർ വാഹന തൊഴിലാളിനിയമം 1961 പ്രകാരം 12 മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടി ചെയ്യാൻ പാടില്ല. എന്നാൽ, ജീവനക്കാരുടെ സംഘടനകളുമായുള്ള കരാർപ്രകാരമാണ് ഡബിൾഡ്യൂട്ടി അനുവദിച്ചിരുന്നത്. 13 ദിവസം ജോലിക്ക് ഹാജരായാൽ ഒരുമാസത്തെ ഹാജർ ലഭിക്കുന്ന ഡ്യൂട്ടിക്രമമാണ് 5200 ഷെഡ്യൂളുകൾക്ക് 35,000 സ്ഥിരജീവനക്കാരും 10,000 താത്കാലിക ജീവനക്കാരും എന്ന നിലയിലേക്ക് എത്തിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ കണ്ടെത്തൽ.

Content Highlights: New way to reduce costs in KSRTC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..