പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഔദ്യോഗികമായി സമ്മതിക്കുന്നില്ലെങ്കിലും പത്രങ്ങളുടെ കണക്കെടുത്ത് സംസ്ഥാന പോലീസ്. ചില ജില്ലകളിലെ പത്രഏജന്റുമാരെ ഫോണിൽവിളിച്ച് അവർ വിതരണംചെയ്യുന്ന പത്രങ്ങളുടെ കണക്കെടുക്കുകയാണിപ്പോൾ. ഏതൊക്കെ പത്രങ്ങളുടെ ഏജൻസിയുണ്ടെന്നും എത്രപത്രം വീതമാണ് വിതരണംചെയ്യുന്നതെന്നുമാണ് ആരായുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് വിളി. ഏജന്റുമാരെക്കൂടാതെ പത്രങ്ങളിലെ സർക്കുലേഷൻ ഉദ്യോഗസ്ഥർക്കും ഫോൺവിളി ലഭിക്കുന്നുണ്ട്.
കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഏതാനും ദിവസങ്ങളായി ഫോണിലൂടെയുള്ള അന്വേഷണം തുടരുന്നുണ്ട്. വിജിലൻസ് വിഭാഗത്തിലെ ആവശ്യത്തിനായാണെന്ന തരത്തിലാണ് അന്വേഷണം. വിവരശേഖരണത്തിനായി നിർദേശം നൽകിയിട്ടില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരത്തിലുള്ള മറുപടിതന്നെയാണ് പോലീസ് ആസ്ഥാനത്തുനിന്നും വിജിലൻസിൽനിന്നും ലഭിക്കുന്നതും. പോലീസല്ലെങ്കിൽ യഥാർഥത്തിൽ വിളിക്കുന്നതാരെന്ന് കണ്ടെത്താൻ പോലീസ് തയ്യാറായിട്ടമില്ല.
ആദ്യഘട്ടത്തിൽ ഏജന്റുമാരെ വിളിച്ചിരുന്നവർ ഇപ്പോൾ പത്രങ്ങളുടെ സർക്കുലേഷൻ മാനേജർമാർ ഉൾപ്പടെയുള്ളവരെ വിളിക്കുകയാണ്. ഒരു പത്രത്തിനുവേണ്ടി പോലീസുകാരെ ഉപയോഗിച്ച് കണക്കെടുക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മറ്റ് പത്രങ്ങൾ വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഒരു പ്രത്യേകപത്രത്തിന്റെ വരിക്കാരാക്കാനുള്ള ശ്രമമാണിതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ ആരോപിച്ചിട്ടുണ്ട്. പത്രം എടുക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്നടക്കം ഭീഷണിപ്പെടുത്തി വരിക്കാരാക്കുകയാണ്. പോലീസ്, പോലീസിന്റെ പണിചെയ്തില്ലെങ്കിൽ നാട്ടുകാർ പോലീസിന്റെ പണിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Newspapers circulation special branch police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..