കോടിയേരി ബാലകൃഷ്ണൻ|ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെൻഷൻ പ്രായം കൂട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾത്തന്നെ പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ പെൻഷൻപ്രായം കൂട്ടാനാകില്ല. മുമ്പ് ഇതേ ആവശ്യം ഉണ്ടായപ്പോഴും പാർട്ടി അംഗീകരിച്ചില്ലെന്നു കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു. പെൻഷൻപ്രായം ഉയർത്തണമെന്ന് ശമ്പള ക്കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും ഇതിനോട് അനുകൂലമായിരുന്നു. എന്നാൽ, യുവജന സംഘടനകൾ എതിർത്തു.
ഒരുമാസംവരെ നമുക്കു നോക്കാം
ഗവർണർ ആവശ്യപ്പെട്ടെന്നു കരുതി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തലാക്കില്ലെന്ന് കോടിയേരി പറഞ്ഞു. രണ്ടുവർഷം കൂടുമ്പോൾ ജീവനക്കാരെ മാറ്റി പെൻഷൻ നൽകുന്നുവെന്ന് ഗവർണർക്കു കിട്ടിയ തെറ്റായ വിവരമാണ്. അഞ്ചുവർഷത്തേക്ക് അതായത് ഒരുമന്ത്രിയുടെ കാലത്തേക്കാണ് നിയമനം. പെൻഷൻ നൽകുകയെന്നത് എൽ.ഡി.എഫും യു.ഡി.എഫും അംഗീകരിച്ച കാര്യമായതിനാൽ നിർത്തലാക്കാനാകില്ല. പെൻഷൻകാര്യം തീരുമാനിക്കേണ്ടത് ഗവർണറല്ല, സർക്കാരാണ്. ശരിയല്ലാത്തത് അദ്ദേഹം പറഞ്ഞാലും ശരിയല്ലെന്ന് പറയും. ഒരു മാസം കഴിയുമ്പോൾ നടപടി കാണാമെന്ന് ഗവർണർ പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, ഒരുമാസംവരെ നമുക്കും നോക്കാമല്ലോ എന്നു കോടിയേരി മറുപടി നൽകി.
ഭരണഘടനാപരമായാണ് ഗവർണർ പെരുമാറേണ്ടതാണ്. വ്യത്യസ്തമായി പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല. ഗവർണറെ ഉപയോഗിച്ച് പലരും പലതും ചെയ്യും. തെറ്റായി ഇടപെട്ടാൽ ശക്തമായി പ്രതികരിക്കാൻ സർക്കാരിന് അറിയാം. അപ്പോൾ പാർട്ടിയും ഇടപെടും. ഇപ്പോൾ പ്രശ്നം കെട്ടടങ്ങിക്കഴിഞ്ഞു. പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച് ചില വിശദാംശങ്ങൾ ഗവർണർ ചോദിച്ചിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കാൻ ചോദിച്ചതാണെങ്കിൽ തെറ്റില്ലെന്നും 1984-ൽ യു.ഡി.എഫ്. കാലം മുതൽ പെൻഷൻ നൽകുന്നുണ്ടൈന്നും കാര്യങ്ങൾ ബോധ്യപ്പെടുമ്പോൾ ഗവർണർ തിരുത്താറുണ്ടെന്നും കോടിയേരി പറഞ്ഞു. ഗവർണറുടെ സ്റ്റാഫിൽ ആരെ നിയമിക്കണമെന്നത് ഗവർണറുടെ അവകാശമാണ്. മന്ത്രിമാരുടെ കാര്യത്തിൽ മന്ത്രിമാരും തീരുമാനിക്കും -കോടിയേരി വിശദീകരിച്ചു.
നഗരസഭാ അധ്യക്ഷന്മാർക്ക് പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള തീരുമാനം തെറ്റല്ല. കാര്യങ്ങൾ ഫലപ്രദമായി നിറവേറ്റാൻ സ്റ്റാഫിനെ വേണ്ടിവരും. എം.പി.മാർക്ക് പി.എ.മാരെ സംസ്ഥാന സർക്കാർ അടുത്തിടെയല്ലേ അനുവദിച്ചതെന്നും കോടിയേരി പറഞ്ഞു. നയപ്രഖ്യാപനം അംഗീകരിക്കാതെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പ്രധാന ആവശ്യമായിരുന്നു പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകരുത് എന്നത്.
Content Highlights: no raise pension age-pension of the personal staff will not be stopped-kodiyeri


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..