ശബരിമല വഴിപാട് സാധനങ്ങൾ: സുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചയെന്ന് സി.എ.ജി. റിപ്പോർട്ട്


2 min read
Read later
Print
Share

ശബരിമല | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി ആൻഡ് എ.ജി.) റിപ്പോർട്ട്. ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ, അവയുടെ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ പരിശോധന നടത്തുന്ന ലബോറട്ടറികൾ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്തികരം എന്ന് വിലയിരുത്തുന്നത്. ഇതുകൊണ്ട് ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൃപ്തികരമെന്ന് ലാബ് റിപ്പോർട്ട് നൽകിയവയിൽനിന്ന് ഓഡിറ്റിനായി സാംപിൾ പരിശോധന നടത്തിയപ്പോൾ കീടനാശിനി സാന്നിധ്യംപോലും കണ്ടെത്തി. പത്തനംതിട്ട ലാബിൽ തൃപ്തികരമെന്ന് റിപ്പോർട്ട് നൽകിയ 685 എണ്ണത്തിൽ മുപ്പതെണ്ണത്തിലാണ് സാംപിൾ പരിശോധന നടത്തിയത്. ശർക്കര, അരി, ഉണക്കമുന്തിരി, ഏലം, ചുക്ക്, പഞ്ചസാര, കൽക്കണ്ടം, ജീരകം, പരിപ്പ് തുടങ്ങിയവയിൽ എഫ്.എസ്.എസ്.എ.ഐ. നിർദേശിക്കുന്ന ഘടകങ്ങൾ പരിശോധിക്കുന്നില്ല.

ഹൈക്കോടതി നിർദേശപ്രകാരമാണ് ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ പരിശോധിക്കാൻ പത്തനംതിട്ടയിൽ ജില്ലാ ഫുഡ് ടെസ്റ്റിങ് ലാബ് സ്ഥാപിച്ചത്. 1998-ൽ തുടങ്ങിയ പത്തനംതിട്ടയിലെ ലാബിന് ഇതുവരെ എൻ.എ.ബി.എൽ. അംഗീകാരം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൈവം അത്ര സുരക്ഷിതമല്ല

ജൈവ ഉത്‌പന്നങ്ങൾ വിൽക്കുന്ന നാല് സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ മൂന്നണ്ണത്തിനും അത്തരം ഉത്‌പന്നങ്ങൾ വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. അങ്കണവാടികളിൽ നൽകുന്ന പോഷകാഹാരങ്ങളും ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് സർക്കിളുകളിൽനിന്ന് ശേഖരിച്ച ഭക്ഷ്യസാംപിൾ പരിശോധിച്ചപ്പോൾ നാലിടത്തുനിന്നുള്ള സാംപിളും സുരക്ഷിതമായിരുന്നില്ല. സുരക്ഷിതമല്ലെന്നു കണ്ടെത്തിയ അമൃതം ന്യൂട്രീമിക്സ് തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാത്തത് സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണംചെയ്യാൻ വഴിവെച്ചു.

12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ലൈസൻസ് നിർബന്ധമാണ്. എന്നാൽ, നാലു ജില്ലകളിൽ പരിശോധന നടത്തിയപ്പോൾ തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ലൈസൻസ് അനുവദിക്കുന്നതിൽ താമസം കണ്ടെത്തി.

60 ദിവസത്തിനുള്ളിൽ അപേക്ഷ നിരസിച്ചില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാമെന്നാണ് വ്യവസ്ഥ. ആവശ്യമായ രേഖകളില്ലാതെ ലൈസൻസ് അനുവദിക്കുന്ന സ്ഥിതിയുമുണ്ട്. നാല് ജില്ലകളിൽ 400 ലൈസൻസ് പരിശോധിച്ചതിൽ 259 എണ്ണം പുതിയവയായിരുന്നു. ഇതിൽ 165 ലൈസൻസുകളും നൽകിയത് ആവശ്യമായ രേഖകളില്ലാതെയാണ്.

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിബന്ധനകൾ പാലിക്കാതെയാണ് മിക്ക അറവുശാലകളും പ്രവർത്തിക്കുന്നതെന്നും നിയമസഭയിൽ വെച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Offerings at Sabarimala temple not following food safety norms- CAG

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..