തട്ടിപ്പുകാരെക്കൊണ്ടു തോറ്റു; കേരളത്തിൽനിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷംരൂപ


1 min read
Read later
Print
Share

Representational Image

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്നുകാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ.

കഴിഞ്ഞവർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. 2021-ൽ ഇത് 300 ആയിരുന്നു. ഇക്കൊല്ലം ആറുമാസം തികയുംമുമ്പേ രജിസ്റ്റർചെയ്യപ്പെട്ടത് 150-ഓളം കേസുകളാണെന്ന് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി. തുമ്മല വിക്രം പറഞ്ഞു.

തട്ടിപ്പിലുമുണ്ട് വ്യത്യസ്തത

ഓൺലൈൻ തട്ടിപ്പുകൾക്ക് ഒരോദിവസവും പുതിയരീതികളാണ്. വീടുവാടകയ്ക്ക് ആവശ്യമുള്ള സി.ആർ.പി. എഫുകാരനെന്ന വ്യാജേന ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുപോലും പണംതട്ടിയ സംഭവമുണ്ടായി. ഇത്തരത്തിൽ തലസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന് രണ്ടുതവണയായി ഒരുലക്ഷത്തോളം രൂപ നഷ്ടമായി. യൂട്യൂബിൽ വീഡിയോയിൽ ലൈക്കുചെയ്യുന്ന പാർട്ട് ടൈംജോലിയുണ്ടെന്ന പേരിലും പെൻസിൽ പായ്ക്കുചെയ്യുന്ന ജോലിയുടെ പേരിലുമൊക്കെ പലർക്കും പണംനഷ്ടമായി. ലണ്ടൻ സ്വദേശിയാണെന്നും സ്വർണത്തിന്റെ വ്യാപാരമാണെന്നും പറഞ്ഞ് അങ്കമാലി സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതും അടുത്തദിവസമാണ്.

മുന്നറിയിപ്പ് നൽകിയിട്ടും രക്ഷയില്ല

തട്ടിപ്പുകൾ വ്യാപകമായതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കിങ് സ്ഥാപനങ്ങളും പലവട്ടം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ, ‌ഒരു മാറ്റവുമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരേന്ത്യയിൽനിന്നുള്ള സംഘമാണ് പല തട്ടിപ്പുകളുടെയും പിന്നിൽ. ഝാർഖണ്ഡിലെ ജംതാരയാണ് പലപ്പോഴും തട്ടിപ്പിന്റെ ഉറവിടമാകുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..