കളി മുറുകുന്നു; കഴുത്തിലെ കയറും


ഓൺലൈൻ റമ്മിവഴി പണം കളയുന്നവർ കൂടുന്നു

Rummy | Photo: Google play

കോട്ടയ്ക്കൽ: പണംവെച്ചുള്ള ചീട്ടുകളി നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്. പക്ഷേ, ഓൺലൈനിൽ പണംവെച്ചുള്ള ചീട്ടുകളിക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനം കോടതി റദ്ദാക്കിയതിനു പിന്നാലെ പൂർവാധികം ശക്തിയോടെ പിടിമുറുക്കിയിരിക്കുകയാണ് പണംവെച്ചുള്ള ഓൺലൈൻ റമ്മികളി. ഇതിന്റെ ഒടുവിലത്തെ ഇര കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിനി ബിജിഷ എന്ന യുവതിയാണ്.

ബിജിഷ ആത്മഹത്യചെയ്യാൻ കാരണം ഓൺലൈൻ റമ്മികളിച്ച് വലിയൊരു തുക നഷ്ടമായതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ബിജിഷ 35 പവൻ ആഭരണങ്ങൾ പണയംവെച്ചതായി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ ഓൺലൈൻ റമ്മി അടക്കമുള്ള ഗെയിമുകൾക്കായി ബിജിഷ നടത്തിയതായും പറയുന്നു.

കഴിഞ്ഞവർഷം തിരുവനന്തപുരത്ത് ഒരു യുവാവ് ഓൺലൈൻ റമ്മിക്കടിമപ്പെട്ട് ആത്മഹത്യചെയ്തിരുന്നു.

പണംവെച്ചുള്ള റമ്മികളി ഒട്ടേറെപ്പേരെ സാമ്പത്തിക ബാധ്യതകളിലേക്കു തള്ളിവിടുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ റമ്മി സർക്കാർ നിരോധിച്ചത്. 1960-ലെ കേരള ഗെയിമിങ് നിയമത്തിലെ 14 എ വകുപ്പ് ഭേദഗതിചെയ്തായിരുന്നു നിരോധനം.

എന്നാൽ, ഇത് സ്റ്റാർട്ടപ്പ് കമ്പനികളെ ഉൾപ്പെടെ ബാധിക്കുമെന്ന് ഗെയിം കമ്പനികൾ കോടതിയിൽ വാദിച്ചു. റമ്മി നൈപുണ്യമുള്ളവരുടെ കളിയാണെന്നു ചൂണ്ടിക്കാട്ടി കോടതി, സർക്കാർ വിജ്ഞാപനം റദ്ദാക്കി.

കോവിഡ് കാലത്താണ് റമ്മി കമ്പനികൾ അഭൂതപൂർവമായ വളർച്ചകൈവരിച്ചത്. കളിക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി. ഓൺലൈൻ റമ്മിക്ക് പ്രചാരമേറിയതോടെ ഓൺലൈനായി വായ്പകൊടുക്കുന്ന കമ്പനികളും രംഗത്തെത്തി.

വെൽക്കം ബോണസായി വലിയൊരു തുക അക്കൗണ്ടിൽ ഇടാമെന്നുപറഞ്ഞ് ഒട്ടേറെ പരസ്യ എസ്.എം.എസുകൾ ഉപഭോക്താക്കളെ തേടിയെത്തുന്നു. ഓൺലൈൻ റമ്മി ആപ്ലിക്കേഷനിൽ പലപ്പോഴും മനുഷ്യരായിരിക്കില്ല എതിർകളിക്കാർ. ആദ്യഘട്ടത്തിലെ കളി കഴിഞ്ഞാൽ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളായിരിക്കും കളി നിയന്ത്രിക്കുക. ഇതു മനസ്സിലാക്കിയാൽപ്പോലും പണംവെച്ച് ചൂതാടാൻ തയ്യാറുള്ളവരാണ് റമ്മികളിക്കാരിലേറെയും.

പുകവലിയെയും മദ്യത്തെയുംപോലെ മനുഷ്യരെ അടിമകളാക്കാൻ കെല്പുള്ളവയാണ് റമ്മി ആപ്ലിക്കേഷനുകളും.

Content Highlights: Online Rummy Game

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..