ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഒളിച്ചുകളി; ചിക്കന്‍ അടക്കമുള്ളവയുടെ സാംപിള്‍ എടുക്കുന്നില്ല


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന പേരിനുമാത്രമെന്നതിനുപുറമേ സാംപിളെടുക്കുന്നതിലും ഒളിച്ചുകളി. ശേഖരിക്കുന്ന സാംപിളുകളിൽ ഏറെയും ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കളുടേത്. ചിക്കനോ അനുബന്ധ ഭക്ഷ്യവസ്തുക്കളോ ഇതേവരെ നിയമപ്രകാരമുള്ള സാംപിൾ (സ്റ്റാറ്റ്യൂട്ടറി സാംപിൾ) ആയി എടുത്തിട്ടുമില്ല. ഭക്ഷ്യവിഷബാധമൂലം ഇതുവരെയുണ്ടായ അത്യാഹിതങ്ങളിലെല്ലാം കാരണമായത് ചിക്കനും അനുബന്ധ ഭക്ഷണവുമാണ്.

നിയമപ്രകാരമുള്ള സാംപിളായി എടുത്തതിന്റെ പരിശോധനാഫലംമാത്രമേ കോടതിയിൽ ശക്തമായ തെളിവായി നിലനിൽക്കൂ. എന്നാൽ, സൂക്ഷ്മതയോടെയും മാനദണ്ഡങ്ങൾ പാലിച്ചുംമാത്രമേ നിയമപ്രകാരമുള്ള സാംപിൾ ശേഖരിക്കാവൂ എന്നതിനാൽ ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണസാംപിളുകൾ ഇതിനായി എടുത്ത് കുരുക്കിലാകാൻ ഉദ്യോഗസ്ഥർ മെനക്കെടാറില്ല.

പലപ്പോഴും രണ്ടുമണിക്കൂറോളം വേണ്ടിവരും സാംപിളെടുക്കുന്ന നടപടിക്രമം പൂർത്തിയാക്കാൻ. ഒാരോ പരിശോധനാഫലം സംബന്ധിച്ചും റിപ്പോർട്ട് കേന്ദ്ര അതോറിറ്റിക്കും നൽകണം. കുറ്റം കണ്ടെത്തിയാൽ നിയമപരമായ നടപടികളും പൂർത്തിയാക്കണം.

ഈ ബുദ്ധിമുട്ട് മറികടക്കുന്നതിനായി പലപ്പോഴും പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യോത്പന്നങ്ങളാണ് നിയമപ്രകാരമുള്ള സാംപിളായി ഉദ്യോഗസ്ഥർ ശേഖരിക്കുക. ഇവയിൽ ലാബ് പരിശോധന നടക്കുമ്പോൾ മിക്കപ്പോഴും പ്രശ്നങ്ങൾ കണ്ടെത്താറില്ല എന്നതാണ് കാരണം. അതോടെ നടപടിക്രമങ്ങൾ പൂർത്തിയാവും. അധികം നടപടിക്രമങ്ങളില്ലാതെ വേഗത്തിലെടുക്കുന്ന സർവൈലൻസ് സാംപിളായാണ് മറ്റു വസ്തുക്കൾ മിക്കപ്പോഴും എടുക്കുക. കുറ്റം കണ്ടെത്തിയാൽത്തന്നെ ചെറിയ പിഴയിൽ ഒഴിവാകും.

ഒാരോ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസ് പരിധിയിൽനിന്നും ഒാരോ മാസവും കുറഞ്ഞത്, നിയമപ്രകാരമുള്ള രണ്ടു സാംപിളുകളെങ്കിലും ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് നിയമം. ആകെയുള്ള 140 സർക്കിൾ ഓഫീസുകളിൽനിന്നായി 280 നിയമപ്രകാരമുള്ള സാംപിൾമാത്രമെടുത്ത് കണക്കൊപ്പിക്കലേ നടക്കുന്നുള്ളൂവെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.

നിയമപ്രകാരമുള്ള സാംപിളുകളുടെ എണ്ണം കുറച്ച് മറ്റു സാംപിളുകളുടെ എണ്ണം കൂട്ടുന്ന ‘കണ്ണിൽ പൊടിയിടൽ’ പരിശോധനകളാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

Content Highlights: Only branded food items are sampled for food safety testing

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..