ഉമ്മൻചാണ്ടി(ഫയൽഫോട്ടോ):രാമനാഥ് പൈ|മാതൃഭൂമി
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കാര്യങ്ങളിലെ ആശയവിനിമയത്തിനായി നേതാക്കൾ ഉമ്മൻചാണ്ടിക്കടുത്തെത്തി. എം.എം. ഹസൻ, ബെന്നി ബെഹനാൻ, കെ.സി. ജോസഫ് തുടങ്ങിയ നേതാക്കളാണ് ബെംഗളൂരുവിൽ ചികിത്സയെത്തുടർന്ന് വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും ഉമ്മൻ ചാണ്ടിയുടെ നിർദേശംതേടുകയെന്ന ലക്ഷ്യവും നേതാക്കളുടെ യാത്രയ്ക്കുണ്ട്.
ബ്ലോക്ക് പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകൾ പ്രതിഷേധത്തിലാണ്. ലഭിച്ച സ്ഥാനങ്ങളെക്കാളുപരി തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും അവസാനവട്ട ചർച്ചകളിൽ പങ്കെടുപ്പിച്ചില്ലെന്നുമാണ് ഇരുഗ്രൂപ്പുകളുടെയും പരാതി. അന്തിമ ധാരണയിലെത്തുംമുമ്പ് ഉമ്മൻ ചാണ്ടിയുടെ മനസ്സറിയാൻ നേതൃത്വം ശ്രമിച്ചില്ലെന്ന് എ ഗ്രൂപ്പ് േനതാവ് ബെന്നി ബെഹനാൻ കുറ്റപ്പെടുത്തിയിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതിപ്പെടാനുള്ള തീരുമാനത്തിലാണ് ഇരുഗ്രൂപ്പുകളും. രമേശ് ചെന്നിത്തല നിലവിൽ ഡൽഹിയിലുണ്ട്. ബ്ലോക്ക് കോൺഗ്രസ് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമിതരായവർ ചുമതലയേൽക്കുകയും ചെയ്തസ്ഥിതിക്ക് അതിലൊരു അഴിച്ചുപണി ഔദ്യോഗികനേതൃത്വം ഉദ്ദേശിക്കുന്നില്ല. ഗ്രൂപ്പ് നേതാക്കൾ അത് പ്രതീക്ഷിക്കുന്നുമില്ല. ചിന്തൻ ശിബിരവും മറ്റും നടത്തി പാർട്ടിയിൽ ഉണ്ടായ ഐക്യത്തിന്റെ അന്തരീക്ഷത്തിന് പോറലേറ്റുവെന്ന പരാതിയാണ് ഗ്രൂപ്പുകൾ ഉയർത്തുന്നത്.
യാഥാർഥ്യം ഉൾക്കൊള്ളണമെന്ന് ഔദ്യോഗികവിഭാഗം
ബ്ലോക്ക് പുനഃസംഘടയിൽ ഉപസമിതിയുടെ ശുപാർശ കഴിയുന്നത്ര അംഗീകരിച്ചെന്നും അവർ തീരുമാനത്തിലെത്താൻ കഴിയാതിരുന്ന സ്ഥാനങ്ങളിലാണ് പിന്നീട് നിയമനം നടത്തിയതെന്നുമാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. പാർട്ടിയെ വീണ്ടും ഗ്രൂപ്പ് അതിപ്രസരത്തിന്റെ കാലത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്.
യൂത്ത് കോൺഗ്രസ്: എ യുടെ നോമിനിയാര്?
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ആരെ മുന്നോട്ടുവെക്കുമെന്ന കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ, കെ.എം. അഭിജിത്, ജെ.എസ്. അഖിൽ എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പിൽ നിന്നുയർന്നത്. വർഷങ്ങളായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്സ്ഥാനം എ ഗ്രൂപ്പിന്റെ കൈവശമാണ്.
രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റാകണമെന്ന താത്പര്യക്കാരനാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഷാഫി പറമ്പിൽ. മുൻ കെ.എസ്.യു. പ്രസിഡന്റായ അഭിജിത്തും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ-ഓർഡിനേറ്റർ അഖിലും പരിഗണിക്കപ്പെടുന്നു.
Content Highlights: Oommen Chandi congress bengaluru


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..