പി.ശശി, പി. ജയരാജൻ| Photo: Mathrubhumi
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുന്നതിനെതിരേ രൂക്ഷവിമർശനവുമായി പി. ജയരാജൻ. ശശിയുടെ നിയമനം റിപ്പോർട്ടുചെയ്ത സംസ്ഥാനസമിതി യോഗത്തിലായിരുന്നു വിമർശനം.
ഇത്തരമൊരു നിയമനം ശശിക്ക് നൽകുന്നത് എന്തിന്റെ പേരിലാണെന്നതു വിശദീകരിക്കണം എന്നായിരുന്നു ജയരാജന്റെ ആവശ്യം. സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെപേരിൽ വീഴ്ചകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഘട്ടത്തിൽ യോഗത്തിലുണ്ടായിരുന്നില്ല. ഒരു പാർട്ടി കേഡർ സംഘടനാ അച്ചടക്കത്തിൽ വീഴ്ചവരുത്തുമെന്ന് ബോധ്യമുണ്ടെങ്കിൽ അക്കാര്യം നേതൃത്വത്തെ അറിയിക്കേണ്ടതല്ലേയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചുചോദിച്ചു. നിയമനത്തിന്റെ ഘട്ടത്തിലല്ല ഇത്തരമൊരു വിമർശനം ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഘടകത്തിൽ അത്തരം ചർച്ചകൾക്ക് അവസരമുണ്ടാകുമ്പോഴല്ലേ ഇത് വിശദീകരിക്കുക എന്നായിരുന്നു ജയരാജന്റെ മറുപടി. ശശിയുടെ കഴിവിലും കാര്യശേഷിയിലും സംശയമില്ലെന്നും വീഴ്ചയുണ്ടാവാതിരിക്കാനുള്ള ജാഗ്രതവേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാച്ചുമതല വിഭജിച്ചുനൽകിയതിലും യോഗത്തിൽ വിമർശനമുണ്ടായി. ചുമതലകൾ കടലാസിലെഴുതി വിതരണം ചെയ്യുന്നതല്ലാതെ അതൊന്നും നിർവഹിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. ഒരേ നേതാക്കൾക്ക് ഒട്ടേറെ ചുമതലകൾ നൽകുന്നത് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ പറഞ്ഞത്.
വാർത്തകൾ ചോരുന്നതിനെയും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാനിരിക്കുന്ന കാര്യങ്ങൾ യോഗത്തിനെത്തുമ്പോൾ മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നായിരുന്നു വിമർശനം.
നിയമസഭാ സ്ഥാനാർഥികളെയും മന്ത്രിമാരെയുമെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ യോഗത്തിന് എത്തുന്നതിനുമുമ്പ് മാധ്യമങ്ങളിൽനിന്ന് അറിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ്. കൺവീനറായി ഇ.പി. ജയരാജൻ വരുന്നതും പി. ശശിക്ക് പൊളിറ്റിക്കൽ സെക്രട്ടറി നിയമനം നൽകുന്നതുമെല്ലാം നേരത്തേ മാധ്യമങ്ങളിൽ വന്നെന്നും അംഗങ്ങൾ പറഞ്ഞു.
Content Highlights: p sasi political secretary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..